മണ്ണിരയെ കണ്ട് ഞെട്ടിയവർ ആരെങ്കിലുമുണ്ടോ? മണ്ണിരയെ കണ്ടാൽ ആരെങ്കിലും ഞെട്ടുമോ എന്ന് ചോദിച്ച് പുച്ഛിക്കാൻ വരട്ടെ. അത്ര നിസ്സാരക്കാരനായി ഒന്നും മണ്ണിരയെ ആരും എഴുതിത്തള്ളണ്ട. കാരണം മണ്ണിരക്കിടയിലും ഉണ്ട് ഭീകരന്മാർ എന്ന് കഴിഞ്ഞ ദിവസം ന്യൂസിലാൻഡിൽ നടന്ന സംഭവം തെളിയിച്ചു തന്നു.
മീൻ പിടിക്കാനായി വീട്ടുപറമ്പിൽ നിന്നും മണ്ണിരയെ പിടിച്ച 9 വയസ്സുകാരന് കിട്ടിയത് എത്ര അടി നീളമുള്ള മണ്ണിര ആണെന്ന് അറിയുമ്പോൾ നിങ്ങൾ ഞെട്ടും. മൂന്നടിയിൽ അധികമായിരുന്നു ഈ മണ്ണിരയുടെ നീളം. ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ വീടിനോട് ചേർന്നുള്ള നദീതടത്തിനു ചുറ്റും കുഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ഒൻപതു വയസ്സുകാരൻ ബർണബി ഡൊമിഗൻ.
പെട്ടെന്നാണ് അവന്റെ ശ്രദ്ധയിൽ അത് പെട്ടത്. താൻ അതുവരെയും പിടിച്ചു കൊണ്ടിരുന്ന മണ്ണിരകളെക്കാൾ വലിപ്പമുള്ള ഒരു മണ്ണിര. വളരെ മെലിഞ്ഞതും വഴുവഴുപ്പുള്ളതുമായ അതിൻറെ ശരീരം വെറുപ്പുളവാക്കുന്നതും അല്പം ഭയം ജനിപ്പിക്കുന്നതും ആയിരുന്നു. മണ്ണിരയെ കണ്ടെങ്കിലും അവൻ അതിനെ കൈകൊണ്ട് സ്പർശിച്ചില്ല.
പകരം ഓടിച്ചെന്ന് അച്ഛനെ വിളിച്ചുകൊണ്ട് വന്നു. പിന്നെ ഇരുവരും ചേർന്ന് കോൽ ഉപയോഗിച്ച് അതിനെ പിടിച്ചു. ഡൊമിഗൻ മണ്ണിരയെ കാണുമ്പോൾ അത് അതിനോടകം തന്നെ ചത്തിരുന്നുവെന്ന് ഡൊമിഗന്റെ അമ്മ പറയുന്നു. പക്ഷേ എന്നിട്ടും ഭയന്നുപോയി എന്ന് അവർ പറഞ്ഞു.
കോലുകൊണ്ട് മാത്രമാണ് തൊട്ടത് കാരണം എന്തെങ്കിലും ബാക്ടീരിയ അതിൽ നിന്ന് ശരീരത്തിലേക്ക് പടരുമോ എന്ന ഭയപ്പെട്ടിരുന്നതായും അവർ പറയുന്നു. കോലിൽ ഡോമിഗൻ മണ്ണിരയെ ഉയർത്തിപ്പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രവും അവർ പകർത്തി. ഡൊമിഗന്റെ അമ്മ വളരെ ഭയത്തോടെ കൂടിയാണ് സംഭവത്തെക്കുറിച്ച് ഇപ്പോഴും പറയുന്നത്. ഇത്രമാത്രം ഭീമാകാരനായ ഒരു മണ്ണിരയെ തന്റെ ജീവിതത്തിൽ ആദ്യമായാണ് താൻ കാണുന്നതെന്നും അവർ പറഞ്ഞു.
ബാർണബി ഡൊമിഗൻ കണ്ടെത്തിയ ഭീമൻ മണ്ണിര ന്യൂസിലൻഡിന് അത്ര അസാധാരണമല്ല. മണ്ണിരയുടെ വിഭാഗത്തിൽ തന്നെയാണ് ഇതിനെയും ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് ലിങ്കൺ സർവകലാശാലയുടെ കീടശാസ്ത്ര ഗവേഷണ ശേഖരത്തിന്റെ ക്യൂറേറ്ററായ ജോൺ മാരിസ് പറഞ്ഞു. 171 ഇനം മണ്ണിരകളാണ് ന്യൂസിലാൻഡിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ കൂടുതലും ഈർപ്പം കൂടുതലുള്ള കാട്ടു പ്രദേശങ്ങളിലാണ് കഴിയുന്നത്.
A nine-year-old boy, terrified by a giant earthworm, took the three-foot earthworm for bait