വിവാഹം വളരെ ചെലവേറിയ ഒരു ആഘോഷമാണ് ഇന്നും നമ്മുടെ നാട്ടിൽ. ചെലവെന്ന് പറഞ്ഞാൽ ഒരാളെ വലിയ കടത്തിലാക്കാനും പോരുന്നത്ര ചെലവ്. പലപ്പോഴും ഈ ചെലവുകളെ മറികടക്കാൻ അതിഥികളും ബന്ധുക്കളും നൽകുന്ന പണം സഹായിക്കാറുണ്ട്. നാട്ടിൽ കല്ല്യാണത്തിന് പണം വാങ്ങുന്നത് തന്നെ അതിനായിട്ടാണ്. എന്നാൽ, ഇവിടെ ഒരു കല്ല്യാണത്തിന് മുമ്പ് വധു ആവശ്യപ്പെട്ട കാര്യം അതിലും വലുതാണ്.
തന്റെ വിവാഹത്തിന്റെ ചെലവ് മുഴുവനും വഹിക്കാൻ ക്ഷണിക്കാൻ ഉദ്ദേശിക്കുന്ന അതിഥികളോട് അവർ ആവശ്യപ്പെട്ടു. ഫോട്ടോഗ്രാഫറുടെ കാശ് മുതൽ ഹണിമൂണിനുള്ള കാശ് വരെ അതിൽ പെടുന്നു. അവരുടെ കല്യാണത്തിന്റെ എല്ലാ ചെലവും അതിഥികൾ വഹിക്കണം എന്നാണ് വധു ആഗ്രഹിക്കുന്നത് എന്ന കാപ്ഷനോടെ ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റിൽ, ഉപയോക്താവ് എഴുതിയിരിക്കുന്നത് തന്റെ ഒരു പരിചയക്കാരി വിവാഹം കഴിക്കുന്നു. അവർ ജോലി ചെയ്യുന്നില്ല, പങ്കാളിക്ക് മാത്രമേ ജോലിയുള്ളൂ. വിവാഹത്തിന് ഇപ്പോൾ തന്നെ വലിയ ചെലവ് കണക്കാക്കുന്നുണ്ട്. വിവാഹത്തിൽ പങ്കെടുക്കുന്ന ഓരോരുത്തരിൽ നിന്നും ഫണ്ട് കളക്ട് ചെയ്യാൻ അവർ ആഗ്രഹിക്കുന്നു. അതിൽ ഫോട്ടോഗ്രാഫറുടെ ചെലവ് മുതൽ ഹണിമൂൺ ചെലവ് വരെ അതിഥികളുടെ ഫണ്ട് ഉപയോഗിച്ച് നടത്താമെന്നാണ് അവർ ആഗ്രഹിക്കുന്നത് എന്നാണ്. ഒരു സമ്മാനവും യുവതി ആഗ്രഹിക്കുന്നില്ല.
പകരം എല്ലാവരും പണം നൽകിക്കൊണ്ട് വിവാഹച്ചെലവിനുള്ള ഫണ്ടിലേക്ക് കോൺട്രിബ്യൂട്ട് ചെയ്യാനാണ് അവർ ആഗ്രഹിക്കുന്നത് എന്നും കുറിപ്പിൽ പറയുന്നു. "അതിഥികളുടെ എണ്ണം 125 ആയിരിക്കുമെന്ന് കരുതുന്നു, അതിനാൽ എല്ലാവരും കുറഞ്ഞത് $250 (19,478.32 രൂപ) സംഭാവന ചെയ്യുമെന്ന് അവർ പ്രതീക്ഷിക്കുന്നു" എന്നും പോസ്റ്റിൽ എഴുതിയിട്ടുണ്ട്.
പലരും പലതരത്തിലാണ് പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. ചിലർ പണം കൊടുത്തോളൂ, വിവാഹത്തിൽ പോലും പങ്കെടുക്കേണ്ടതില്ല എന്ന് എഴുതിയപ്പോൾ ചിലർ പണവും കൊടുക്കണ്ട വിവാഹത്തിനും പോവണ്ട എന്നാണ് എഴുതിയിരിക്കുന്നത്. ഏതായാലും പോസ്റ്റ് അനേകം പേരെ ആകർഷിച്ചു.
The bride asked the guests to bear the wedding expenses as she did not have any cash in hand