തമിഴ്നാട്ടിലെ ഒരു പ്രൊഫസർ (Tamil Nadu professor) കേക്ക് (Cake) ഉപയോഗിച്ചാണ് വിദ്യാർത്ഥികളെ സാമ്പത്തിക ശാസ്ത്രം (Economics) പഠിപ്പിക്കുന്നത്. കേക്കിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അണ്ണാമലൈ സർവകലാശാലയിലെ പ്രൊഫസർ രാമഗോപാലാണ് തന്റെ പ്രാക്ടിക്കൽ ക്ലാസുകൾക്കായി ഈ വ്യത്യസ്തമായ കേക്കുകൾ ഉപയോഗിക്കുന്നത്.
രണ്ടു കേക്കുകളുടെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രധാനമായും പ്രചരിക്കുന്നത്. ബാർഗ്രാഫുകളിലൂടെ യൂണിയൻ ബജറ്റ് ചിത്രീകരിച്ചിരിക്കുന്നതാണ് അതിലൊന്ന്. മറ്റൊരു കേക്കിൽ ഒരു റിസഷണറി ഗ്യാപ്പ് ഗ്രാഫിക്സ് കാണിച്ചിരിക്കുന്നു.
ജേണലിസ്റ്റും, എഴുത്തുകാരനുമായ പ്രമിത് ഭട്ടാചാര്യ എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് കേക്കിന്റെ ചിത്രം പങ്കിട്ടിരിക്കുന്നത്. "തമിഴ്‌നാട്ടിലെ ഒരു ചെറുപട്ടണത്തിൽ നിന്നുള്ള ഒരു പ്രൊഫസർ ബജറ്റിനെ കുറിച്ചുള്ള ഒരു സാമ്പത്തികശാസ്ത്ര ക്ലാസിൽ തന്റെ വിദ്യാർത്ഥികളെ കാണിക്കാൻ പോകുന്ന ഒരു കേക്കിന്റെ ചിത്രം എനിക്ക് അയച്ചുതന്നു!" പ്രമിത് ട്വിറ്ററിൽ എഴുതിയിരുന്നു.
പ്രൊഫസർ വലിയ പ്രശസ്തനൊന്നുമല്ലെങ്കിലും, പുറംലോകത്തിന് അദ്ദേഹത്തെ കുറിച്ച് അറിയില്ലെങ്കിലും, അദ്ദേഹത്തിന്റെ അറിവും, കൂർമബുദ്ധിയും, നർമ്മവും സാമ്പത്തിക ശാസ്ത്ര ലോകത്ത് ചിലർക്കെങ്കിലും അറിവുള്ളതാകുമെന്ന് പ്രമിത് കുറിച്ചു. എങ്ങനെയാണ് അദ്ദേഹത്തിന് ഇത്രയധികം വായിക്കാനും, പഠിക്കാനും സമയം ലഭിക്കുന്നതെന്ന് പ്രമിത് അത്ഭുതത്തോടെ ചോദിക്കുന്നു.
ഇപ്പോഴും തന്റെ വിദ്യാർത്ഥികൾക്കായി അദ്ദേഹത്തിന് ഇതെല്ലാം എങ്ങനെ ചെയ്യാൻ കഴിയുന്നു എന്നും പ്രമിത് എടുത്ത് ചോദിക്കുന്നു. "പലരും അവിടെ പുതിയ വിദ്യാർത്ഥികളാണ്. അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം അവർക്ക് സ്മിത്ത്, റിക്കാർഡോ, മാർക്സ് തുടങ്ങിയവരുടെ ഉദ്ധരണികളുള്ള കീ ചെയിനുകൾ സമ്മാനമായി നൽകുന്നു.
ഒപ്പം കേക്കുകളും!" ട്വിറ്ററിൽ പ്രമിത് എഴുതി. അണ്ണാമലൈ സർവ്വകലാശാലയിലെ പ്രൊഫ. രാമഗോപാലിനെ എന്നും ഒരു ഹീറോയായിട്ടാണ് താൻ കാണുക എന്നും പ്രമിത് കുറിക്കുന്നു. തമിഴ് നാട്ടിലെ ചിദംബരത്തെ ആപ്പിൾ ബേക്കറിയിലാണ് ഈ കേക്കുകൾ ഉണ്ടാക്കുന്നത് എന്നും ട്വിറ്റർ ത്രെഡിൽ പറയുന്നു.
ട്വിറ്റർ ഉപയോക്താക്കൾ ഇതിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. “എപ്പോഴായാലും കേക്കുകൾ രുചിയുള്ളതാണ്. സാമ്പത്തിക ശാസ്ത്രത്തിന്റെ ചേരുവകൾ കൂടിയാകുമ്പോൾ പറയുകയും വേണ്ട!" ഒരാൾ കുറിച്ചു.
A professor teaches economics to students using a cake.