#Latest News #Nitin Raj #Dental College #Kerala High Court #Police Criticism
കൊച്ചി: (truevisionnews.com) അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. എം.കെ. റാമിനെ വിട്ടയച്ച സംഭവത്തിൽ പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട കോടതി, പ്രതിയെ രക്ഷിക്കാൻ പൊലീസ് ബോധപൂർവം ശ്രമിച്ചുവെന്ന് വ്യക്തമാക്കി. ജസ്റ്റിസ് എ. ബദറുദീൻ അധ്യക്ഷനായ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
അറസ്റ്റിനുള്ള നിയമപരമായ കാരണം കാണിക്കാൻ പോലും അന്വേഷണ ഉദ്യോഗസ്ഥന് അറിയാതെ പോയത് ഗുരുതര വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിവുകെട്ട രീതിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥൻ പ്രതിയിൽ നിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും, പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ഡിവൈഎസ്പി മനപ്പൂർവം ഒരുക്കിനൽകിയെന്നും കോടതി നിരീക്ഷിച്ചു.
"പണത്തിന് മീതെ പരുന്തും പറക്കില്ലല്ലോ" എന്ന് പരാമർശിച്ച കോടതി, കഴിഞ്ഞ 15 വർഷത്തിനിടയിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഈ കേസിലുണ്ടായതെന്നും, പ്രതിയുടെ ഭക്ഷണവും പണവും പൊലീസ് ഉദ്യോഗസ്ഥർ കൈപ്പറ്റിയെന്നും തുറന്നടിച്ചു.
സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി കോടതി വ്യക്തമാക്കിക്കൊണ്ട്, ഉന്നത ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. സർക്കാരിന്റെ ഭാഗത്തുനിന്നും അന്വേഷണം നടന്നില്ലെങ്കിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിക്കുമെന്നും താക്കീത് നൽകി.
വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടിയ കോടതി, വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, പ്രതിയെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് നൽകിയ രേഖകൾ പരിശോധനയ്ക്കായി ഹാജരാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിതിൻ രാജിന്റെ കുടുംബം നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ ഈ കടുത്ത നടപടികൾ.
തിങ്കളാഴ്ച കുടകിൽ വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം ഡോ. എം.കെ. റാമിനെ പിടികൂടിയത്. തുടർന്ന് തലശ്ശേരി കോടതിയിൽ ഹാജരാക്കിയെങ്കിലും, നിയമപരമായ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി കോടതി പ്രതിയെ വിട്ടയച്ചിരുന്നു. ഇതിനെത്തുടർന്ന് കോടതി വളപ്പിലും പരിസരത്തും വലിയ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
പിന്നീട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ, നിതിൻ രാജിനെ താൻ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നുമാണ് റാം നൽകിയ മൊഴി. എസ്.ഐ.ടിയെ മാറ്റി സർക്കാർ തടിയൂരാൻ ശ്രമിക്കുകയാണെന്ന ആക്ഷേപവും ഇതിനിടെ ഉയരുന്നുണ്ട്.
Content Highlight: Kerala HC Slams Police In Nitin Raj Suicide Case, Warns Of Probe
#Latest News #Nitin Raj #Dental College #Kerala High Court #Police Criticism
































