#Kozhikode News #Gold Theft #Gold Stolen Case #Flower Pot #Kozhikode
കോഴിക്കോട്: ( www.truevisionnews.com) കൂരാച്ചുണ്ട് ശങ്കരവയലിൽ ഒരാഴ്ച മുൻപ് മോഷണം പോയ മൂന്നരപ്പവൻ സ്വർണം മോഷ്ടാവ് തന്നെ തിരികെ വച്ചു. നാട്ടുകാരുടെ അന്വേഷണം ഊർജിതമായതോടെ പേടിച്ച മോഷ്ടാവ് ആഭരണങ്ങൾ വീടിന് പിൻവശത്തെ ചെടിച്ചട്ടിയിൽ ഉപേക്ഷിക്കുകയായിരുന്നു.
ശങ്കരവയൽ നെല്ലിയുള്ളപറമ്പിൽ രവിയുടെ വീട്ടിലെ ആഭരണപ്പെട്ടിയിൽ നിന്നാണ് കഴിഞ്ഞ 11ന് മൂന്നരപ്പവൻ സ്വർണം മോഷണം പോയത്. സംഭവത്തിൽ കൂരാച്ചുണ്ട് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിനൊപ്പം നാട്ടുകാരും ശങ്കരവയൽ പ്രദേശം കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി.
വീടിന് മുൻവശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും മോഷ്ടാവിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നില്ല.ഇതിനിടെ ഇന്നലെ രാവിലെ വീട്ടുകാർ പിൻവശത്തെ ചെടിച്ചട്ടി പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ട സ്വർണ്ണമാല കണ്ടെത്തിയത്. ഉടൻ തന്നെ വിവരം കൂരാച്ചുണ്ട് പൊലീസിനെ അറിയിച്ചു.സ്വർണം തിരികെ ലഭിച്ചതിൽ ആശ്വാസമുണ്ടെങ്കിലും മോഷ്ടാവിനെ പിടികൂടണമെന്ന് കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടു.
ഡോഗ് സ്ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടെ പരിശോധന നടത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ സ്വർണത്തിൽ വിരലടയാളം കിട്ടാൻ സാധ്യത കുറവാണെന്ന് പറഞ്ഞ് പൊലീസ് വീട്ടമ്മയെ കൊണ്ട് തന്നെ മാല ചെടിച്ചട്ടിയിൽ നിന്ന് എടുപ്പിച്ചു.
പിടിക്കപ്പെടുമെന്ന ഭയത്താലാണ് മോഷ്ടാവ് സ്വർണം മാത്രം തിരികെ വച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. ചുറ്റുമുള്ള വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.
Content Highlight: Thief Returns 3.5 Sovereign Gold Stolen from Kozhikode House in Flower Pot
#Kozhikode News #Gold Theft #Gold Stolen Case #Flower Pot #Kozhikode

































