#Latest News #Vijay #Tamil Nadu CM #Viral Video #Electric Car
(moviemax.in) ഔദ്യോഗിക യോഗത്തിനിടെ മേശപ്പുറത്തിരുന്ന മിനിയേച്ചർ ഇലക്ട്രിക് കാറുമായി കൗതുകം പ്രകടിപ്പിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു. 'മുഖ്യമന്ത്രിയുടെ ഉള്ളിലെ കുട്ടി ഉണർന്നു' എന്ന കമന്റുകളോടെയാണ് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.തമിഴ്നാട്ടിലെ ഇലക്ട്രിക് വാഹന നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിൽ നടന്ന ഉന്നതല യോഗത്തിനിടെയാണ് ഈ രസകരമായ ദൃശ്യം പകർത്തിയത്.
യോഗത്തിൽ പങ്കെടുക്കാനെത്തിയ ഏഷ്യ വിൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഫാം സാൻ ചൗ ആണ് മുഖ്യമന്ത്രി വിജയ്ക്ക് വിൻഫാസ്റ്റ് വിഎഫ് 8 ഇലക്ട്രിക് എസ്‌യുവിയുടെ മിനിയേച്ചർ മോഡൽ സമ്മാനിച്ചത്.യോഗം നടക്കുന്നതിനിടെ മേശപ്പുറത്തിരുന്ന കാർ മോഡൽ കണ്ട മുഖ്യമന്ത്രി അതീവ ശ്രദ്ധയോടെ അത് കൈയിലെടുത്തു.
തുടർന്ന് കാറിന്റെ നാല് വാതിലുകളും തുറന്ന് അകത്തെ സീറ്റുകളും ഡാഷ്ബോർഡും ഉൾപ്പെടെയുള്ള ഭാഗങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. കുറച്ച് സമയം കാർ കൈയിൽ പിടിച്ച് നോക്കിയ ശേഷം പുഞ്ചിരിയോടെ അത് തിരികെ മേശപ്പുറത്ത് വെച്ചാണ് മുഖ്യമന്ത്രി യോഗം തുടർന്നത്.
ഗൗരവമേറിയ ഔദ്യോഗിക ചർച്ചകൾക്കിടയിലെ ഈ കൗതുക നിമിഷം നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വീഡിയോയ്ക്ക് താഴെ നൂറുകണക്കിന് രസകരമായ കമന്റുകളാണ് എത്തുന്നത്. 'ഒരു പുരുഷനിൽ നിന്ന് കുട്ടിയെ ഒരിക്കലും വേർപ്പെടുത്താനാകില്ല' എന്നാണ് ഒരാളുടെ കമന്റ്. 'ഞാനും ഇതുതന്നെ ചെയ്യുമായിരുന്നു' എന്ന് മറ്റൊരാൾ കുറിച്ചു.
'എത്ര വലുതായാലും കളിപ്പാട്ട കാർ പുരുഷന്മാർക്ക് ഒരു വികാരമാണ്' എന്നും 'ഒരു നിമിഷത്തേക്ക് താൻ മുഖ്യമന്ത്രിയാണെന്ന കാര്യം പോലും മറന്നു; ഉള്ളിലെ കുട്ടിയാണ് പുറത്തുവന്നത്' എന്നുമുള്ള പ്രതികരണങ്ങളും ശ്രദ്ധ നേടി.ഇലക്ട്രിക് വാഹന വ്യവസായത്തിൽ വലിയ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ ശ്രമങ്ങൾക്കിടെയാണ് ഈ വീഡിയോ പുറത്തുവന്നത്. ഔദ്യോഗിക ഗൗരവത്തിനിടയിലും സാധാരണക്കാരനെ പോലെ കൗതുകം പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ സ്വഭാവം ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.
Content Highlight: Tamil Nadu CM Vijay Viral Video Playing With Miniature Electric Car
#Latest News #Vijay #Tamil Nadu CM #Viral Video #Electric Car

































