---
title: "മറച്ചുവെച്ചത് എന്തിന്? മോഹൻലാലിൻ്റെ പക്കലുള്ളത് അഞ്ച്  ജോഡി ആനക്കൊമ്പുകൾ; വെളിപ്പെടുത്തലിൽ ദുരൂഹതയെന്ന് പരാതിക്കാർ"
english_title: "Mohanlal Ivory Case: 5 Pairs Of Tusks Disclosed, Lawyer Demands Probe"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372638/mohanlal-ivory-case-5-pairs-tusks-probe-demand-"
published_at: "2026-07-16T08:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58499bb65ca_mohanlal-ivory-case-5-pairs-tusks-probe-demand.jpg"
keywords: ["Mohanlal", "Ivory Case", "Kerala Forest Department", "Wildlife Act", "High Court"]
---

# മറച്ചുവെച്ചത് എന്തിന്? മോഹൻലാലിൻ്റെ പക്കലുള്ളത് അഞ്ച്  ജോഡി ആനക്കൊമ്പുകൾ; വെളിപ്പെടുത്തലിൽ ദുരൂഹതയെന്ന് പരാതിക്കാർ

> **Lead Summary:** നടൻ മോഹൻലാലിൻ്റെ കൈവശമുള്ള ആനക്കൊമ്പ് ശേഖരത്തെച്ചൊല്ലി പുതിയ വിവാദങ്ങൾ ഉയരുന്നു. തൻ്റെ പക്കൽ 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് മോഹൻലാൽ വെളിപ്പെടുത്തിയതോടെയാണ് പരാതിക്കാരുടെ ഭാഗത്തുനിന്ന് ദുരൂഹതയാരോപിച്ചുള്ള വിമർശനങ്ങൾ ഉയർന്നത്.

## Article Content

നടൻ മോഹൻലാലിൻ്റെ കൈവശമുള്ള ആനക്കൊമ്പ് ശേഖരത്തെച്ചൊല്ലി പുതിയ വിവാദങ്ങൾ ഉയരുന്നു. തൻ്റെ പക്കൽ 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് മോഹൻലാൽ വെളിപ്പെടുത്തിയതോടെയാണ് പരാതിക്കാരുടെ ഭാഗത്തുനിന്ന് ദുരൂഹതയാരോപിച്ചുള്ള വിമർശനങ്ങൾ ഉയർന്നത്.

നേരത്തെ രണ്ട് ജോഡി ആനക്കൊമ്പുകളെക്കുറിച്ച് മാത്രം വിവരങ്ങൾ നൽകുകയും, പിന്നീട് മൂന്ന് ജോഡിയുടെ വിവരം കൂടി വെളിപ്പെടുത്തിയതിലും വലിയ ദുരൂഹതയുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകൻ അഡ്വ. എബ്രഹാം പി മീഞ്ചങ്കര ആരോപിക്കുന്നു. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

തൻ്റെ പക്കലുള്ള അഞ്ച് ജോഡി ആനക്കൊമ്പുകളും ശിൽപങ്ങളും സമ്മാനമായി ലഭിച്ചതാണെന്നാണ് നടൻ്റെ വിശദീകരണം. എന്നാൽ, വനംനിയമപ്രകാരം കൃത്യമായ രേഖകളില്ലാതെ ആനക്കൊമ്പുകൾ സമ്മാനമായി സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നേരത്തെ മോഹൻലാലിന് ആനക്കൊമ്പുകൾ സൂക്ഷിക്കാൻ വനംവകുപ്പ് നൽകിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. ഇതിനിടെയാണ് വനംവകുപ്പിന്റെ ഒറ്റത്തവണ പരാതി തീർപ്പാക്കൽ പദ്ധതി പ്രകാരം അദ്ദേഹം കൂടുതൽ ആനക്കൊമ്പുകൾ കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയത്.

പുതിയതായി വെളിപ്പെടുത്തിയ മൂന്ന് ജോഡി ആനക്കൊമ്പുകളുടെ വിവരങ്ങൾ ഹാജരാക്കാൻ മലയാറ്റൂർ ഡിഎഫ്ഒ കാർത്തിക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആനക്കൊമ്പുകൾ സംബന്ധിച്ച് നടന്നത് പ്രാഥമിക പരിശോധന മാത്രമാണെന്നും, ഡിഎൻഎ പരിശോധനയുൾപ്പെടെയുള്ള കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും വനംവകുപ്പ് സൂചിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/372638/mohanlal-ivory-case-5-pairs-tusks-probe-demand-)