---
title: "വെള്ളച്ചാട്ടത്തിന് മുകളിൽ അരമണിക്കൂർ തൂങ്ങിക്കിടന്ന ഐശ്വര്യ റായിയുടെ ഡ്യൂപ്പ്; ജീവൻ തിരിച്ചുപിടിച്ച നിമിഷങ്ങൾ പങ്കുവെച്ച് സനോബർ പർദിവാല"
english_title: "Aishwarya Rai Raavan Stunt Double Hung 30 Minutes Athirappilly Waterfall"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372552/aishwarya-rai-raavan-stunt-double-athirappilly-30-minutes-hanging"
published_at: "2026-07-15T16:07:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a576365d6e3c_aishwarya-rai-raavan-stunt-double-athirappilly-30-minutes-hanging.jpg"
keywords: ["Latest News", "Raavan", "Aishwarya Rai", "Athirappilly", "Stunt"]
---

# വെള്ളച്ചാട്ടത്തിന് മുകളിൽ അരമണിക്കൂർ തൂങ്ങിക്കിടന്ന ഐശ്വര്യ റായിയുടെ ഡ്യൂപ്പ്; ജീവൻ തിരിച്ചുപിടിച്ച നിമിഷങ്ങൾ പങ്കുവെച്ച് സനോബർ പർദിവാല

> **Lead Summary:** **[**മണിരത്നം സംവിധാനം ചെയ്ത 'രാവൺ' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട നടുക്കുന്ന അനുഭവം പങ്കുവെച്ച് നടി ഐശ്വര്യ റായിയുടെ ഡ്യൂപ്പ് സനോബർ പർദിവാല.2010-ൽ ഹിന്ദിയിലും തമിഴിലുമായി പുറത്തിറങ്ങിയ 'രാവൺ' ചിത്രത്തിലെ പ്രധാന ലൊക്കേഷനുകളിലൊന്നായിരുന്നു തൃശൂർ ജില്ലയിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം.

## Article Content

**[**മണിരത്നം സംവിധാനം ചെയ്ത 'രാവൺ' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട നടുക്കുന്ന അനുഭവം പങ്കുവെച്ച് നടി ഐശ്വര്യ റായിയുടെ ഡ്യൂപ്പ് സനോബർ പർദിവാല.2010-ൽ ഹിന്ദിയിലും തമിഴിലുമായി പുറത്തിറങ്ങിയ 'രാവൺ' ചിത്രത്തിലെ പ്രധാന ലൊക്കേഷനുകളിലൊന്നായിരുന്നു തൃശൂർ ജില്ലയിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം.

ഐശ്വര്യ റായ് അവതരിപ്പിച്ച രാഗിണി എന്ന കഥാപാത്രം വെള്ളച്ചാട്ടത്തിന് മുകളിൽ നിന്ന് കൊക്കയിലേക്ക് ചാടുന്ന രംഗമാണ് ചിത്രത്തിന്റെ അവസാനഭാഗത്ത്. സ്ക്രീനിൽ ഏറെ അനായാസമായി തോന്നുന്ന ആ സ്റ്റണ്ട് രംഗത്തിന് പിന്നിൽ സനോബറിന് സംഭവിച്ചത് ഒരു വലിയ അപകടമായിരുന്നു.

സോഷ്യൽ മീഡിയയിലൂടെയാണ് 15 വർഷം മുമ്പ് നടന്ന ആ സംഭവം സനോബർ വീണ്ടും ഓർത്തെടുത്തത്. അന്നത്തെ അപകടത്തിന്റെ ദൃശ്യങ്ങളും അവർ പോസ്റ്റ് ചെയ്തു.'150 അടി. മൂന്നര സെക്കൻഡ്. ഞാനൊരിക്കലും മറക്കാത്ത സ്റ്റണ്ട്. രാവണിലെ ഈ ക്ലിഫ് ജമ്പിനിടെയുണ്ടായ അപ്രതീക്ഷിതമായ സാങ്കേതികപ്രശ്നം കാരണം ഞാൻ 30 മിനിറ്റോളമാണ് വായുവിൽ തൂങ്ങിക്കിടന്നത്' എന്നാണ് സനോബർ കുറിച്ചത്.

അപ്രതീക്ഷിതമായി കയറിൽ പ്രശ്നം സംഭവിച്ചതോടെ വെള്ളച്ചാട്ടത്തിന് മുകളിൽ സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അവർ അരമണിക്കൂറോളം തൂങ്ങി. 'സ്റ്റണ്ട് ജോലിയിൽ തയ്യാറെടുപ്പ് എന്നാൽ ക്യാമറയ്ക്ക് മുന്നിൽ അത് എങ്ങനെ ചെയ്യാമെന്നത് മാത്രമല്ല.

അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോൾ നിങ്ങൾ എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനം. ശാന്തമായിരിക്കുക. ശ്വാസം നിയന്ത്രിക്കുക. സുരക്ഷാസംവിധാനങ്ങളെ വിശ്വസിക്കുക. നിങ്ങളുടെ ഊർജം പാഴാക്കാതെ സംരക്ഷിക്കുക. അതാണ് ഞാൻ ചെയ്തത്' എന്ന് സനോബർ പറഞ്ഞു.'വലിയൊരു വെള്ളച്ചാട്ടത്തിനരികെ തൂങ്ങിക്കിടന്ന്, സാവധാനം ശ്വസിച്ച്, പൂർണമായും ശാന്തയായിരുന്നാണ് ഞാനതിനെ നേരിട്ടത്.

ചില സ്റ്റണ്ടുകൾ ശരീരത്തെ പരീക്ഷിക്കും. ചിലതാകട്ടെ മനസിനെയും. എന്നാൽ ഇത് രണ്ടിനെയും ഒന്നിച്ച് പരീക്ഷിച്ച ഒന്നായിരുന്നു' എന്ന് പറഞ്ഞാണ് അവർ കുറിപ്പ് അവസാനിപ്പിച്ചത്.ഐശ്വര്യ റായ്, വിക്രം, അഭിഷേക് ബച്ചൻ, പൃഥ്വിരാജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു 'രാവൺ'.

### Related Links & Sources
- [Original Story Source](https://moviemax.in/news/372552/aishwarya-rai-raavan-stunt-double-athirappilly-30-minutes-hanging)