#Kerala Crime #Jolly Joseph #Koodathayi Case #BA History Exam #Kannur Jail
കോഴിക്കോട്: ( www.truevisionnews.com) ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ബിരുദധാരിയാകാനൊരുങ്ങുന്നു. നിലവിൽ കോഴിക്കോട് സബ് ജയിലിൽ വിചാരണ തടവിലാണ് ജോളി.ബിരുദ പരീക്ഷ എഴുതുന്നതിനായി കഴിഞ്ഞ ദിവസം ജോളിയെ പ്രത്യേക സുരക്ഷയോടെ കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി.
ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബി.എ ഹിസ്റ്ററി രണ്ടാം വർഷ പരീക്ഷയാണ് ജോളി എഴുതുന്നത്. എട്ട് പേപ്പറുകളിൽ ആറെണ്ണം ഇതിനകം പൂർത്തിയാക്കി. പരീക്ഷകൾ അവസാനിക്കുന്നത് വരെ ജോളി കണ്ണൂർ വനിതാ ജയിലിൽ തന്നെ തുടരും. അതിനുശേഷം വീണ്ടും കോഴിക്കോട് സബ് ജയിലിലേക്ക് തിരികെ കൊണ്ടുവരും.പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്നു ജോളിയുടെ യോഗ്യത.
ജയിൽ അധികൃതരുടെ സഹായത്തോടെയാണ് ദൂരവിദ്യാഭ്യാസത്തിന് ചേർന്നത്. 2002 മുതൽ 2016 വരെയുള്ള കാലയളവിൽ കുടുംബാംഗങ്ങളായ ആറ് പേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി വിചാരണ നേരിടുന്നത്.ജോളിയെ കൂടാതെ കണ്ണൂർ സെൻട്രൽ ജയിലിലെ മറ്റൊരു തടവുകാരനും ബി.എ ഹിസ്റ്ററി പരീക്ഷ എഴുതുന്നുണ്ട്.
സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയും ഇവിടെ നടക്കുന്നുണ്ട്. രണ്ടിലും കൂടി 35 പേരാണ് ഇത്തവണ കണ്ണൂർ ജയിലിൽ പരീക്ഷയ്ക്ക് ഇരിക്കുന്നത്.ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും വിചാരണ തടവുകാർക്കും നല്ല പാതയിലേക്ക് തിരിച്ചുവരാനുള്ള അവസരം കൂടിയാണ് ജയിലിലെ പഠന സംവിധാനം.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള തടവുകാർ തന്നെയാണ് മറ്റുള്ളവർക്ക് ക്ലാസുകൾ എടുക്കുന്നത്. കൂടുതൽ പേർ പഠനത്തിന് തയ്യാറാകുന്നുണ്ടെന്നാണ് ജയിൽ അധികൃതർ പറയുന്നത്.നിലവിലെ പരീക്ഷകൾക്ക് ശേഷം എസ്.എൻ ഓപ്പൺ സർവകലാശാലയുടെ ബി.എ, ബി.ബി.എ, എം.കോം, എൽ.എൽ.ബി പരീക്ഷകൾക്കും ജയിൽ തടവുകാർ തയാറെടുക്കുന്നുണ്ട്.
Content Highlight: Koodathayi Case Accused Jolly Joseph Appears for BA History Exam in Kannur Jail
#Kerala Crime #Jolly Joseph #Koodathayi Case #BA History Exam #Kannur Jail

































