2026-07-16T10:17:00

#G Sudhakaran #CPI(M) #Kerala Politics #Alappuzha #Legal Notice

ആലപ്പുഴ:( www.truevisionnews.com) അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ സിപിഐഎം നിയമനടപടിക്ക് ഒരുങ്ങുന്നു. ആലപ്പുഴയിൽ നടത്തിയ പൊതുയോഗത്തിലെ വിവാദ പ്രസ്താവനയുടെ പേരിലാണ് പാർട്ടി നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.

സിപിഐഎം നേതാക്കളെ "പൊളിറ്റിക്കൽ ക്രിമിനലുകൾ" എന്നും "കഞ്ചാവ് കടത്തുകാർ" എന്നും വിശേഷിപ്പിച്ച പരാമർശങ്ങളാണ് വിവാദത്തിന് കാരണമായത്. ഈ പരാമർശങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാവ് വി ജി വിഷ്ണു ജി സുധാകരന് വക്കീൽ നോട്ടീസ് അയച്ചു.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സജി ചെറിയാൻ, എച്ച് സലാം എന്നിവരുൾപ്പെടെയുള്ള സമുന്നത നേതാക്കളെയും സാധാരണ പാർട്ടി പ്രവർത്തകരെയും അപമാനിക്കുന്ന തരത്തിലാണ് പ്രസ്താവനയെന്നും അതിനാൽ നടപടി അനിവാര്യമാണെന്നും നോട്ടീസിൽ പറയുന്നു.

ആലപ്പുഴയിലെ പാർട്ടിയെ നിയന്ത്രിക്കുന്നത് കഞ്ചാവ് കടത്തുകാരാണെന്ന സുധാകരന്റെ പരാമർശവും പാർട്ടിയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന പൊതുപരിപാടിയിലായിരുന്നു ജി സുധാകരന്റെ വിവാദ പരാമർശങ്ങൾ. ഇത് സിപിഐഎം-ജി സുധാകരൻ തർക്കം പുതിയ ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

വാദപ്രതിവാദങ്ങൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇരുവർ തമ്മിലുള്ള പ്രശ്നത്തിൽ ഇതാദ്യമായാണ് ഔദ്യോഗിക നിയമനടപടി ഉണ്ടാകുന്നത്.തങ്ങളുടെ നേതാക്കളെ ആക്ഷേപിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് വി ജി വിഷ്ണു പ്രതികരിച്ചു.

ഇത്തരം അധിക്ഷേപങ്ങൾ സഹിച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജി സുധാകരൻ നോട്ടീസിന് മറുപടി നൽകുമോ, പ്രസ്താവന പിൻവലിച്ച് മാപ്പ് പറയുമോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. വിഷയത്തിൽ സിപിഐഎം സംസ്ഥാന നേതൃത്വവും ഇടപെട്ടിട്ടുണ്ട്.

Content Highlight: CPI(M) Sends Legal Notice To G Sudhakaran Demanding Rs 1 Crore Damages Over Remarks

#G Sudhakaran #CPI(M) #Kerala Politics #Alappuzha #Legal Notice

Next TV

Top Stories










News Roundup