#Payyannur #Child Death #Anesthesia #Post-Mortem #Kannur
കണ്ണൂർ: ( www.truevisionnews.com ) പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അനസ്തീഷ്യ നൽകിയ ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗം ഡോ. അഞ്ജലി പൊതുവാളാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
കുട്ടിയുടെ ചുണ്ടിലും താടിയിലും ഉണ്ടായിരുന്ന മുറിവുകൾ തുന്നുന്നതിന് ജനറൽ അനസ്തീഷ്യ നൽകേണ്ടത് അനിവാര്യമായിരുന്നുവെന്നാണ് ഡോ. അഞ്ജലിയുടെ വിശദീകരണം. ചികിത്സയിൽ ഒരു തരത്തിലുള്ള പിഴവും ഉണ്ടായിട്ടില്ലെന്നും അവർ പൊലീസിന് മൊഴി നൽകി.
അതേസമയം, പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോർട്ട് പ്രകാരം ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് കുട്ടിയുടെ തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്തിയില്ല. ഇതാണ് മരണത്തിന് കാരണമായത്. ചുണ്ടിലും താടിയിലും ഉണ്ടായിരുന്ന മുറിവുകൾ ആഴത്തിലുള്ളതല്ലെന്നും, അത്തരം മുറിവുകൾക്ക് ജനറൽ അനസ്തീഷ്യയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് അനസ്തേഷ്യ നൽകി 10 മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു. തുടർന്ന് കുട്ടി ബോധരഹിതനാവുകയും അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം മരിക്കുകയുമായിരുന്നു. സംഭവത്തിൽ ഡോ. അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ കുട്ടിയെ പരിശോധിച്ച പീഡിയാട്രിഷ്യൻ ഡോ. ആശ നിർമ്മൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിവരും അന്വേഷണ പരിധിയിലുണ്ട്.
മൂന്ന് ഡോക്ടർമാരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. കേസിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ ഡിവൈഎസ്പി കണ്ണൂർ ഡിഎംഒയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. പൊലീസ് ശേഖരിച്ച ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡിന് കൈമാറും. ബോർഡിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും തുടർനടപടികൾ.
ഒന്നര വയസുകാരന്റെ മരണത്തിൽ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.
Content Highlight: Payyannur Toddler Death Case: Anesthesiologist Questioned, Postmortem Report Reveals Key Findings
































