#Vizhinjam Port #Pinarayi Vijayan #Adani Group #Kerala Politics #Port Concession Agreement
തിരുവനന്തപുരം: ( www.truevisionnews.com ) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എംഎസ്സി കമ്പനിക്ക് ഓഹരി കൈമാറുന്നതിൽ നിയമപരമായ തടസമുണ്ടെന്ന് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
തുറമുഖം കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലാണെന്ന വസ്തുത മുഖ്യമന്ത്രി മറക്കരുതെന്ന് പിണറായി വിജയൻ പറഞ്ഞു. കൺസഷൻ എഗ്രിമെന്റ് പ്രകാരം വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പും പരിപാലനവും മാത്രമാണ് അദാനി ഗ്രൂപ്പിന് ഉള്ളത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഓഹരി കൈമാറ്റത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല.
ഊഹങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു.താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടി നൽകുന്നതിന് പകരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് കത്തിൽ പറയുന്നു.
കൺസഷണയർ കമ്പനിയിൽ സർക്കാർ ഓഹരി പങ്കാളിയല്ലെന്ന് വരുത്തിത്തീർത്ത് തടിതപ്പാനാണ് ശ്രമം. തുറമുഖം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കാതെ സർക്കാർ സംരക്ഷിക്കുമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.2025ൽ തലസ്ഥാനത്ത് സംഘടിപ്പിച്ച വിഴിഞ്ഞം കോൺക്ലേവിനെ ഓഹരി കൈമാറ്റവുമായി ബന്ധിപ്പിക്കുന്നത് ദുസ്സൂചന നിറഞ്ഞ ദുരാരോപണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പോർട്ടിന്റെ പ്രവർത്തനക്ഷമതയും വ്യാവസായിക വളർച്ചയും ചർച്ച ചെയ്യാനുള്ള വേദിയായിരുന്നു ആ കോൺക്ലേവ്.കരാറിലെ 5.9 ക്ലോസ് പ്രകാരം വിഴിഞ്ഞത്തിന് 250 കിലോമീറ്ററിനുള്ളിൽ മറ്റൊരു തുറമുഖത്ത് ഓഹരി പങ്കാളിത്തമുള്ള കമ്പനിക്ക് വിഴിഞ്ഞത്ത് ഓഹരി കൈമാറാൻ നിയമപരമായ തടസങ്ങളുണ്ട്.
തൂത്തുക്കുടി തുറമുഖത്ത് പൂർണ അവകാശമുള്ള എംഎസ്സി കമ്പനിയുമായുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം കരാർ ലംഘനമാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. എന്നിട്ടും ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ സർക്കാർ മടിക്കുന്നത് ദൗർഭാഗ്യകരമാണ്.സർക്കാർ മുൻകൂർ അനുമതിയില്ലാതെ അദാനി ഗ്രൂപ്പ് സെബിക്ക് കത്ത് നൽകിയ ഗുരുതരമായ അപാകതയും കത്തിൽ പരാമർശിച്ചു.
കൺസഷൻ എഗ്രിമെന്റിലെ ക്ലോസ് 5.8.1 പ്രകാരം വിഴിഞ്ഞം തുറമുഖത്ത് നോൺ-ഡിസ്ക്രിമിനേറ്ററി ആക്സസ് എല്ലാവർക്കും ലഭ്യമാണെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത കൺസഷണയർക്കുണ്ട്. ഈ വ്യവസ്ഥകൾ സ്വകാര്യ കമ്പനി കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്.
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സ്വത്താണെന്നും അത് കുത്തക ശക്തികളുടെ പിടിയിലമരാതെ സംരക്ഷിക്കപ്പെടണമെന്നും പ്രതിപക്ഷ നേതാവ് ഓർമ്മിപ്പിച്ചു. കരാർ വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കണമെന്നും അദാനി ഗ്രൂപ്പിന്റെ കരാർ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight: Vizhinjam Port Share Transfer: Pinarayi Writes to CM Again, Alleges Legal Hurdles
#Vizhinjam Port #Pinarayi Vijayan #Adani Group #Kerala Politics #Port Concession Agreement


























