#Kalladi #Landslide #Expert Team #NIT Kozhikode #CESS #Soil Removal
വയനാട്: (https://truevisionnews.com/) വയനാട് കള്ളാടിയിൽ കള്ളാടിയിൽ നിലവിൽ അപകടാവസ്ഥയില്ലെന്ന് വിദഗ്ധ സംഘം. മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെ ദുരന്തസ്ഥലം സന്ദർശിച്ച ശേഷമാണ് സംഘത്തിന്റെ പ്രതികരണം. കോഴിക്കോട് എൻഐടി പ്രൊഫസർ ഡോ. സന്തോഷ് ജി തമ്പി, ഡോ. ജൂഡ് ഇമ്മാനുവൽ, സിഇഎസ്എസ് പ്രതിനിധി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് സ്ഥലം സന്ദർശിച്ചത്.
ദുരന്തത്തെ തുടർന്ന് കൂട്ടിയിട്ട മണ്ണ് എങ്ങനെ ശാസ്ത്രീയമായി നീക്കം ചെയ്യാമെന്ന് പഠിക്കാനാണ് സംഘം എത്തിയത്. താൽക്കാലികമായി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നിർമ്മാണത്തിനിടെ ബാക്കിവരുന്ന മണ്ണും ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിനുള്ള നടപടികളും സംഘം പരിശോധിച്ചു.
പ്രത്യക്ഷത്തിൽ പ്രദേശത്ത് അപകടാവസ്ഥയില്ലെന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. മണ്ണ് എങ്ങോട്ട് മാറ്റണമെന്നത് സംബന്ധിച്ച് പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കും. ഡ്രോൺ സർവെയും നടത്തും. ഒരാഴ്ചയ്ക്കകം സമഗ്ര റിപ്പോർട്ട് സമർപ്പിക്കുമെന്നും സംഘം അറിയിച്ചു.
അതേസമയം വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ്. ദുരന്തത്തിൽ മരണപ്പെട്ട 7 പേരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതവും കരാർ തൊഴിലാളിയായ അൽമോന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും അടിയന്തര സഹായമായി കമ്പനി നൽകും.
അപകടത്തിൽ പരിക്കേറ്റ 9 പേരിൽ 6 പേർക്ക് രണ്ടര ലക്ഷം രൂപ വീതം സാമ്പത്തിക സഹായം കൈമാറും. നിലവിൽ തീവ്രപരിചരണത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മറ്റു മൂന്ന് പേർക്ക് രണ്ടര ലക്ഷത്തിൽ കൂടുതൽ തുക നൽകാൻ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് എത്രയും വേഗം നീക്കം ചെയ്യാൻ ദിലീപ് ബിൽഡ് കോൺ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്കൂളുകൾ അടക്കമുള്ള അവശ്യ സർവീസുകൾക്കുള്ള വാഹന ഗതാഗതം നിലവിൽ മീനാക്ഷി പാലത്തിലൂടെ അനുവദിക്കും.
ഈ പാലത്തിന്റെ ബലക്ഷയം കൃത്യമായി പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു. മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ എട്ടുപേരുടെയും മൃതദേഹം കണ്ടെത്തി.
Content Highlight: No Immediate Danger At Kalladi, Says Expert Team; Report In A Week
#Kalladi #Landslide #Expert Team #NIT Kozhikode #CESS #Soil Removal
































