#Latest News #Guvahati #Hindutva Activists Beat Up Muslim Traders
ഗുവാഹത്തി: (truevisionnews.com) അസമിലെ പ്രശസ്തമായ അംബുബാച്ചി മേളക്കിടെ കാമാഖ്യ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ കച്ചവടം നടത്തിയിരുന്ന മുസ്‌ലിം വ്യാപാരികൾക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ഒരു സ്ത്രീ ഉൾപ്പെടെയുള്ള സംഘം കച്ചവടക്കാരെ തടഞ്ഞുനിർത്തി മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. 'നിങ്ങൾ ഹിന്ദുക്കളാണോ?', 'ആധാർ കാർഡ് എവിടെ?', 'ഹിന്ദുക്കളുമായി ബന്ധപ്പെട്ട വസ്തുക്കളാണോ വിൽക്കുന്നത്?' എന്നീ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു അക്രമം.
അക്രമികൾ തന്നെയാണ് ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. സാധാരണയായി എല്ലാ വർഷവും അംബുബാച്ചി മേളയിൽ മുസ്‌ലിം കച്ചവടക്കാരും സ്റ്റാളുകൾ ഇടാറുണ്ട്.
എന്നാൽ ഇത്തവണ ഇവർക്ക് നേരെ ഉണ്ടായ ആക്രമണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സംഭവത്തിൽ അസം പോലീസോ ജില്ലാ ഭരണകൂടമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. നിയമവാഴ്ചയും ക്രമസമാധാന പാലനവും ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ഏത് പൗരനും കച്ചവടം ചെയ്യാനുള്ള അവകാശമുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് നിരവധിപേർ പ്രതിഷേധവുമായി രംഗത്തെത്തി. നേരത്തെ പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിലും ഉത്തർപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ മുസ്‌ലിം കച്ചവടക്കാർ ആക്രമിക്കപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് രാജ്യത്ത് ആശങ്ക വർധിപ്പിക്കുന്നതായും വിമർശകർ അഭിപ്രായപ്പെടുന്നു.
Content Highlight: Hindutva activists assaulted Muslim traders in Guwahati.
#Latest News #Guvahati #Hindutva Activists Beat Up Muslim Traders

































