#latest news #health workers #newborn baby
കൊല്ലം: (https://truevisionnews.com/) മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് പതിവ് പ്രതിരോധ വാക്സിൻ കുത്തിവെച്ചതിന് പിന്നാലെ തുടയിൽ കടുത്ത പഴുപ്പും വീക്കവും രൂപപ്പെട്ടു. ഇതേത്തുടർന്ന് കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വന്നതായി പരാതി. ആരോഗ്യപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇതൊക്കെയെന്ന് കാണിച്ച് കുട്ടിയുടെ രക്ഷിതാക്കൾ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. അച്ചൻകോവിൽ സ്വദേശികളായ അപർണ–ശ്യാം ദമ്പതികളാണ് പരാതിക്കാർ.
ഈ മാസം മൂന്നിനാണ് അച്ചൻകോവിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് കുഞ്ഞിന് രണ്ടര മാസത്തെ പതിവ് പ്രതിരോധ വാക്സിൻ എടുത്തത്. കുത്തിവെയ്പ്പെടുത്തതിന് പിന്നാലെ കുഞ്ഞിന്റെ തുടയിൽ നീർക്കെട്ടുണ്ടായി കല്ലിച്ചു. ഇതോടെ ആശുപത്രി അധികൃതരെ വിവരമറിയിച്ചെങ്കിലും കൃത്യമായ മാർഗ്ഗനിർദ്ദേശമോ സഹായമോ നൽകാൻ അവർ തയ്യാറായില്ല.
രണ്ടാഴ്ച കഴിഞ്ഞിട്ടും നീർവീക്കം കുറയാതെ കുഞ്ഞിന് കടുത്ത പനിയും ബാധിച്ചു. തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുത്തിവെച്ച ഭാഗത്ത് കടുത്ത രീതിയിൽ പഴുപ്പ് ബാധിച്ചതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ഇത് നീക്കം ചെയ്തത്.
കുഞ്ഞിന് മറ്റ് അണുബാധകൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് അച്ചൻകോവിൽ ആശുപത്രിയിലെ ഡോക്ടർ സമ്മതിച്ചു. എന്നാൽ, വാക്സിൻ എടുത്ത ശേഷം ചില കുട്ടികളിൽ കുത്തിവെയ്ക്കുന്ന ഭാഗത്ത് വീക്കമോ പഴുപ്പോ വരുന്നത് അപൂർവ്വമായി സംഭവിക്കാറുള്ളതാണെന്നാണ് ഡോക്ടറുടെ വിശദീകരണം. ചെറിയൊരു ശതമാനം കുട്ടികളിൽ ഇത്തരം ലക്ഷണങ്ങൾ രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കാറുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ കുഞ്ഞിന് കഠിനമായ വേദനയുണ്ടായിട്ടും കൃത്യമായി ഇടപെടാതിരുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ കർശന നടപടി വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.
Content Highlight: Complaint filed against health workers for error in administeringhealth workersto three-and-a-half-month-old baby
































