#Latest News #Thiruvanandapuram #SFI Attacked Police
തിരുവനന്തപുരം: (truevisionnews.com) സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരെ എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സമരത്തിനിടെ പ്രതിഷേധക്കാർ ബ്ലേഡ് ഉപയോഗിച്ച് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണവുമായി പോലീസ് രംഗത്തെത്തി. സംഭവത്തിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശുകയും ചെയ്തു. ഇതിനിടെ, പ്രതിഷേധം നടന്ന സ്ഥലത്തുനിന്ന് ബ്ലേഡുകൾ കണ്ടെടുത്തതായും, ഇവ ഉപയോഗിച്ച് പ്രവർത്തകർ ആക്രമണം നടത്തിയെന്നുമാണ് പോലീസിന്റെ വാദം.
സംഭവത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ച പോലീസ്, ബ്ലേഡ് കൊണ്ടുവന്നതാരെന്നും ആക്രമണത്തിന് പിന്നിൽ ആരെല്ലാമാണെന്നും കണ്ടെത്താൻ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങളുടെ ക്യാമറ ദൃശ്യങ്ങളും പരിശോധിക്കുമെന്ന് വ്യക്തമാക്കി.
Content Highlight: Police say SFI attacked with blade during protest
































