---
title: "'കൂടെ അഭിനയിച്ച പലരും ഇന്നില്ല, നാം സ്വയം തിരുത്തണം'; 'അമ്മ' യോഗത്തിൽ വികാരാധീനനായി മോഹൻലാൽ; പ്രസംഗം പങ്കുവെച്ച് വി.കെ ശ്രീരാമൻ"
english_title: "Mohanlal emotional speech, AMMA association, VK Sreeraman Facebook post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367993/mohanlal-emotional-speech-amma-association-vk-sreeraman-facebook-post"
published_at: "2026-06-24T11:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b72369e161_VK_Sreeraman_Facebook_post.jpg"
keywords: ["AMMA Association", "Mohanlal", "VK Sreeraman", "Malayalam Cinema", "Mollywood Updates"]
---

# 'കൂടെ അഭിനയിച്ച പലരും ഇന്നില്ല, നാം സ്വയം തിരുത്തണം'; 'അമ്മ' യോഗത്തിൽ വികാരാധീനനായി മോഹൻലാൽ; പ്രസംഗം പങ്കുവെച്ച് വി.കെ ശ്രീരാമൻ

> **Lead Summary:** താരസംഘടനയായ 'അമ്മ'യുടെ ഇത്തവണത്തെ വാർഷിക ജനറൽ ബോഡി തികച്ചും നാടകീയമായ സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ശ്വേത മേനോൻ പ്രസിഡന്റായിരുന്ന ഭരണസമിതി പൂർണ്ണമായും രാജിവെച്ചൊഴിഞ്ഞത് സംഘടനയ്ക്കുള്ളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി അംഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന കടുത്ത ഭിന്നതയും തർക്കങ്ങളുമാണ് ഒടുവിൽ ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് നയിച്ചത്.

## Article Content

താരസംഘടനയായ 'അമ്മ'യുടെ ഇത്തവണത്തെ വാർഷിക ജനറൽ ബോഡി തികച്ചും നാടകീയമായ സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ശ്വേത മേനോൻ പ്രസിഡന്റായിരുന്ന ഭരണസമിതി പൂർണ്ണമായും രാജിവെച്ചൊഴിഞ്ഞത് സംഘടനയ്ക്കുള്ളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി അംഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന കടുത്ത ഭിന്നതയും തർക്കങ്ങളുമാണ് ഒടുവിൽ ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് നയിച്ചത്.

ഇതിനിടെ, ജനറൽ ബോഡി യോഗത്തിൽ മോഹൻലാൽ നടത്തിയ വൈകാരികമായ പ്രസംഗം നടനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. യോഗത്തിൽ പങ്കെടുത്ത ഓർമ്മയിൽ നിന്ന് എഴുതുന്നതായതുകൊണ്ട് വാക്കുകളിൽ ചിലപ്പോൾ മാറ്റങ്ങൾ വന്നിട്ടുണ്ടാകാമെന്നും, എന്നാൽ മോഹൻലാൽ പറഞ്ഞ കാര്യങ്ങളുടെ പൊരുളും ഉള്ളടക്കവും ഇതുതന്നെയാണെന്നും ശ്രീരാമൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

> “മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരു സംഘടനയ്ക്ക് രൂപം കൊടുക്കാൻ ശ്രമിക്കുമ്പോൾ പ്രധാനമായും സിനിമയിലെ അഭിനേതാക്കളുടെ ജീവിതത്തിന് തുണയാവുന്ന ഒരു ചാരിറ്റബിൾ സ്ഥാപനത്തിന് രൂപം കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ നമുക്കാ ലക്ഷ്യത്തിലെത്താൻ ഏറെക്കുറെ സാധിച്ചിട്ടുണ്ട്. ജീവിതം മുന്നോട്ടു കൊണ്ടുപോവ്വാനാവാതെ വീണുപോയ നിരവധി പേരുണ്ട് നമ്മുടെ കൂട്ടത്തിൽ, അവരെ സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അതിന് നമുക്ക് ആവുന്നുണ്ട് ഇപ്പോൾ. മറ്റ് ഭാഷകളിലൊന്നും സമാനമായ സംഘടനയില്ല. ഞാൻ തന്നെ അഭിനയിച്ച ചില സിനിമകൾ ഇപ്പോൾ കാണുമ്പോൾ കണ്ണുനിറയാറുണ്ട്, കാരണം പല സീനുകളിലും കൂടെ അഭിനയിച്ചവരൊന്നും ഇപ്പോൾ നമ്മോടൊപ്പം ഇല്ല. നാം ആത്മവിമർശനത്തിന് തയ്യാറാവണം. സ്വയം തിരുത്താനും കുടുതൽ നല്ല മനുഷ്യരാവാനും നമുക്കു കഴിയണം. ആ പ്രസംഗം ഓർമ്മയിൽ നിന്ന് എടുത്തെഴുതിയതാണ്. വാക്കുകൾ മാറിപ്പോയിട്ടുണ്ടാവാം. പക്ഷെ, പൊരുളിതാണ്. ആകയാലും പ്രിയരേ സുപ്രഭാതം.”

അതേസമയം ഭരണസമിതിയുടെ കൂട്ടരാജിയെത്തുടര്‍ന്ന് രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയില്‍ നിന്നും ഒരു അംഗം രാജി വച്ചിരുന്നു. നടി ആശ അരവിന്ദ് ആയിരുന്നു രാജി വച്ചത്. രാജി വച്ചൊഴിഞ്ഞ ഭരണസമിതിയില്‍ എക്സിക്യൂട്ടീവ് അംഗമായിരുന്ന ആശ അരവിന്ദിനെ അവരുടെ പ്രവര്‍ത്തന പരിചയം മുന്‍നിര്‍ത്തി ആയിരുന്നു അഡ്ഹോക്ക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/367993/mohanlal-emotional-speech-amma-association-vk-sreeraman-facebook-post)