#Latest News #Accident Death #Police Jeep #Thrissur
തൃശ്ശൂർ: ( www.truevisionnews.com ) തൃശ്ശൂർ ആളൂരിൽ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ആളൂർ സ്വദേശി ജുവിൻ രാജുവാണ് മരിച്ചത്. കൊച്ചിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു അന്ത്യം. ഒപ്പമുണ്ടായിരുന്ന അനന്തകൃഷ്ണൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കഴിഞ്ഞ 15ാം തീയതി പകൽ പതിനൊന്നരയോടെ ആയിരുന്നു അപകടമുണ്ടായത്. രണ്ട് കുട്ടികളും ഇലക്ട്രിക് സ്കൂട്ടറിലാണ് വന്നത്. ഈ സമയത്താണ് പൊലീസ് ജീപ്പ് ഇവരെ ഇടിച്ചു തെറിപ്പിക്കുന്നത്. കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയുടെ സർജറി ഇന്ന് കഴിഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ജുവിൻ രാജുവിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നുണ്ട്. ഒരാഴ്ചയിലേറെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് മരണം സംഭവിച്ചത്. പോട്ട ഭാഗത്ത് നിന്ന് ഇരിങ്ങാലക്കുട ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവാഹനങ്ങളും.
കദളിച്ചിറയിൽ വെച്ച് വലതുവശത്തേക്ക് തിരിയുന്ന സമയത്താണ് ദുരന്തമുണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ പൊലീസ് വാഹനം ഇടിക്കുകയായിരുന്നു. വിദ്യാർത്ഥികൾ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. ജുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
Content Highlight: Student who was injured after being hit by a police jeep dies

































