#LATEST NEWS #Vellappally Natesan #P Sasi #legal notice
കണ്ണൂർ: (truevisionnews.com) എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടിയുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി. ശശി. വാർത്താ സമ്മേളനത്തിലൂടെ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിനെതിരെയാണ് പി. ശശി വക്കീൽ നോട്ടീസ് അയച്ചത്.
രണ്ടാം പിണറായി സർക്കാരിന്റെ അന്തകൻ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശി നിയന്ത്രിച്ച ഓഫീസാണെന്നും, അദ്ദേഹം 'ഭരണത്തിന്റെ അന്തകനും പലിശ രാജാവുമാണ്' എന്നും വെള്ളാപ്പള്ളി നടേശൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. ഈ പരാമർശങ്ങൾക്കെതിരെയാണ് ഇപ്പോൾ നിയമനടപടി.
തന്നെ പൊതുസമൂഹത്തിൽ തേജോവധം ചെയ്യുന്നതിനായി ദുരുദ്ദേശത്തോടെ പടച്ചുണ്ടാക്കിയതാണ് വെള്ളാപ്പള്ളിയുടെ പ്രതികരണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. തനിക്കെതിരെ നടത്തിയ അധിക്ഷേപ പ്രസ്താവനകൾ എത്രയും പെട്ടെന്ന് പിൻവലിച്ച് വെള്ളാപ്പള്ളി നടേശൻ ഖേദപ്രകടനം നടത്തണം. മുതിർന്ന അഭിഭാഷകൻ കെ. വിശ്വൻ മുഖേനയാണ് പി. ശശി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
നേരത്തെ വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ തള്ളി സിപിഐഎം നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പി. ശശി നേരിട്ട് നിയമനടപടികളിലേക്ക് കടന്നത്.
നേരത്തെ മുൻ എംഎൽഎ പി. വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയും പി. ശശി മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. തനിക്കെതിരെ അൻവർ ഉന്നയിച്ച 16 ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശശി വക്കീൽ നോട്ടീസ് അയച്ചിരുന്നെങ്കിലും അൻവർ മറുപടി നൽകിയിരുന്നില്ല. ഇതിനെ തുടർന്നാണ് പി. ശശി അൻവറിനെതിരെ കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്തത്.
Content Highlight: P Sasi sends legal notice to Vellappally Natesan

































