---
title: "'അതൊരു വലിയ സിനിമയായിരിക്കും'; മോഹൻലാലുമായുള്ള ചിത്രം ചർച്ചകളിലോ? തുറന്നുപറഞ്ഞ് ചിദംബരം"
english_title: "Mohanlal Chidambaram Movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366147/mohanlal-chidambaram-movie"
published_at: "2026-06-15T15:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fcfc53d838_Mohanlal_Chidambaram_Movie.jpg"
keywords: ["Chidambaram", "Mohanlal", "Malayalam Cinema"]
---

# 'അതൊരു വലിയ സിനിമയായിരിക്കും'; മോഹൻലാലുമായുള്ള ചിത്രം ചർച്ചകളിലോ? തുറന്നുപറഞ്ഞ് ചിദംബരം

> **Lead Summary:** 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബാലൻ'. ഒരുപിടി പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ഈ സിനിമയ്ക്കായി വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.

## Article Content

'മഞ്ഞുമ്മൽ ബോയ്സ്' എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബാലൻ'. ഒരുപിടി പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ഈ സിനിമയ്ക്കായി വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ, 'ബാലന്' ശേഷമുള്ള തന്റെ അടുത്ത പ്രൊജക്ടിനെ കുറിച്ച് സംസാരിക്കുകയാണ് ചിദംബരം. അടുത്ത സിനിമ പ്രിയ താരം മോഹൻലാലിനൊപ്പമാണോ എന്ന ചോദ്യത്തിന് ചിദംബരം മറുപടി നൽകുന്നു. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എനിക്കും ഭയങ്കര ആഗ്രഹമുണ്ട് മോഹന്‍ലാലുമായിട്ട് ഒരു സിനിമ ചെയ്യാന്‍. പക്ഷെ അതുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ആള്‍ക്കാരിങ്ങനെ പറയുന്നു, എനിക്കും നല്ല ആഗ്രഹമുണ്ട് അത് നടക്കട്ടെ. ആ സിനിമ നടക്കുകയാണെങ്കില്‍ വലിയൊരു സിനിമയായിരിക്കും അത്'-ചിദംബരം പറയുന്നു.

ബാലന്‍ സിനിമയുടെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്ത് എത്തിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയ സിനിമയാണ് ബാലന്‍ എന്ന് പറയുകയാണ് ചിദംബരം. ചെറുകഥ ആണെങ്കിലും സിനിമ വലുതാണെന്നും ചിദംബരം പറഞ്ഞു. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

എന്റെ ഒരു പ്ലാനിലേ ഇല്ലാതിരുന്ന പടമായിരുന്നു ബാലന്‍. മഞ്ഞുമ്മല്‍ കഴിഞ്ഞ് എന്ത് ചെയ്യണമെന്ന് ആലോചിക്കുന്ന സമയമായിരുന്നു. വലിയ പടം ചെയ്യണോ എന്നൊക്കെ ചിന്തിക്കുന്ന സമയം. ബോളിവുഡില്‍ നിന്നുള്ള വിളി അടക്കം അതിനിടെ എന്തൊക്കെയോ സംഭവിച്ചു. അടുത്തത് എന്ത് ചെയ്യണമെന്ന പ്രോസസില്‍ സത്യം പറഞ്ഞാല്‍ ഞാന്‍ ലോസ്റ്റ് ആയിപ്പോയിരുന്നു. ആ സമയത്താണ് എന്റെ സുഹൃത്ത് കൂടിയായ നടന്‍ സജിന്‍ ഗോപു എന്നോട് പറഞ്ഞത്, ജിത്തു മാധവന്റെ കയ്യില്‍ ഒരു കഥയുണ്ടെന്നത്, കഥ കേട്ടപ്പോഴാണ് അതില്‍ ഒരു വലിയ സിനിമയുണ്ടെന്ന് മനസിലായത്.

കഥ ചെറുതാണ്. അതിന്റെ സ്‌കോപ്പും സെറ്റിംഗുമെല്ലാം ചെറുതാണ്. പക്ഷേ അതിലൊരു വലിയ സിനിമയുണ്ടെന്ന് എനിക്ക് അത് കേട്ടപ്പോഴേ തോന്നി. അങ്ങനെയാണ് ബാലന്‍ സംഭവിച്ചത്. ഇതും ഒരു സര്‍വൈവല്‍ ആണ്. മനുഷ്യവികാരങ്ങളോട് വളരെ സത്യസന്ധത പുലര്‍ത്തുന്ന ചിത്രം കൂടിയാണ്. മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ ചെയ്‌തെടുക്കാന്‍ പ്രയാസമുണ്ടായിരുന്ന സിനിമയുമാണ് ബാലന്‍. മഞ്ഞുമ്മല്‍ ബോയ്‌സില്‍ കാഴ്ചയുടെ വിസ്മയത്തിന്റെ ഒരു മുന്‍തൂക്കം ഉണ്ടായിരുന്നു. ബാലനില്‍ ക്യാമറ പക്ഷേ അഭിനേതാക്കളോട് വളരെ അടുത്താണ്. വളരെ പേഴ്‌സണല്‍ ആണ് അത്. എന്നെ സംബന്ധിച്ചും ഒരു പുതിയ കാര്യമായിരുന്നു അത്'', ചിദംബരം പറയുന്നു.

അതേസമയം, വ്യക്തിത്വം, സ്വത്വം, അതിജീവനം എന്നീ വിഷയങ്ങളില്‍ വേരൂന്നിയ, ആഴത്തിലുള്ള മാനുഷികവും വൈകാരികവുമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമാനുഭവത്തിലേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ നല്‍കുന്നത്. ഏറെ ആകര്‍ഷകമായ ഈ ട്രെയ്‌ലര്‍, സപ്സെന്‍സ്, ത്രില്‍, ദുരൂഹത എന്നിവ നിറച്ചാണ് ഒരുക്കിയിരിക്കുന്നത്. ചിദംബരം സംവിധാനം ചെയ്ത്, ജിത്തു മാധവന്‍ രചിച്ച 'ബാലന്‍ ദി ബോയ്', വ്യത്യസ്തമായ ആഖ്യാന ശൈലികള്‍ക്ക് പേരുകേട്ട രണ്ട് പ്രശസ്ത കഥാകാരന്മാരെ ഒരുമിച്ച് കൊണ്ടുവരുന്നു എന്നത് വലിയ പ്രതീക്ഷകളാണ് പ്രേക്ഷകരില്‍ സൃഷ്ടിച്ചിരിക്കുന്നത്.

കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് 'ബാലന്‍ ദി ബോയ്' അവതരിപ്പിക്കുന്നത്. കെ. വി. എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം, പാന്‍ ഇന്ത്യന്‍ റിലീസായി 2026 ജൂണ്‍ 19 ന് മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

### Related Links & Sources
- [Original Story Source](https://moviemax.in/news/366147/mohanlal-chidambaram-movie)