---
title: "'എന്റെ കോലം കണ്ട് പല നടിമാരും ഒപ്പം അഭിനയിക്കാൻ മടിച്ചിട്ടുണ്ട്, പക്ഷേ മധുബാല സമ്മതിച്ചു': മനസ്സ് തുറന്ന് ഇന്ദ്രൻസ്"
english_title: "Indrans opens up about his hesitation to act with prominent actresses"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366146/indrans-opens-up-about-his-hesitation-to-act-with-prominent-actresses"
published_at: "2026-06-15T15:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fcdaff3334_CSDGF.jpg"
keywords: ["LATEST NEWS", "Indrans", "MADHUBALA", "CHINNA CHINNA AASSSE"]
---

# 'എന്റെ കോലം കണ്ട് പല നടിമാരും ഒപ്പം അഭിനയിക്കാൻ മടിച്ചിട്ടുണ്ട്, പക്ഷേ മധുബാല സമ്മതിച്ചു': മനസ്സ് തുറന്ന് ഇന്ദ്രൻസ്

> **Lead Summary:** **[** കരിയറിന്റെ തുടക്കകാലത്ത് തന്റെ ശരീരപ്രകൃതിയും കോമഡി വേഷങ്ങളും കാരണം പല പ്രമുഖ നടിമാരും ഒപ്പം അഭിനയിക്കാൻ മടിച്ചിട്ടുണ്ടെന്ന തുറന്നുപറച്ചിലുമായി മലയാളികളുടെ പ്രിയനടൻ ഇന്ദ്രൻസ്. അത്തരം ആശങ്കകൾക്കിടയിലും തെന്നിന്ത്യൻ താരം മധുബാല തന്റെ നായികയാകാൻ സമ്മതിച്ചതിന്റെ സന്തോഷം താരം പങ്കുവെച്ചു.

## Article Content

**[** കരിയറിന്റെ തുടക്കകാലത്ത് തന്റെ ശരീരപ്രകൃതിയും കോമഡി വേഷങ്ങളും കാരണം പല പ്രമുഖ നടിമാരും ഒപ്പം അഭിനയിക്കാൻ മടിച്ചിട്ടുണ്ടെന്ന തുറന്നുപറച്ചിലുമായി മലയാളികളുടെ പ്രിയനടൻ ഇന്ദ്രൻസ്. അത്തരം ആശങ്കകൾക്കിടയിലും തെന്നിന്ത്യൻ താരം മധുബാല തന്റെ നായികയാകാൻ സമ്മതിച്ചതിന്റെ സന്തോഷം താരം പങ്കുവെച്ചു.

നവാഗതയായ വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന 'ചിന്ന ചിന്ന ആസൈ' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു ഇന്ദ്രൻസിന്റെ ഈ ഹൃദയസ്പർശിയായ വെളിപ്പെടുത്തൽ.

> "ഒരുപാട് അവസരങ്ങൾ വരുന്നുണ്ടെങ്കിലും ചില ജീവനുള്ള കഥാപാത്രങ്ങൾ കിട്ടുമ്പോൾ വലിയൊരു ആധിയാണ്. അത്തരത്തിലൊരു സിനിമയാണ് ‘ചിന്ന ചിന്ന ആസൈ’. കഥ കേട്ടപ്പോൾ തന്നെ ഞാൻ ഓക്കെ പറഞ്ഞു. മധു മേഡമാണ് നായികയെന്ന് അറിഞ്ഞപ്പോൾ എനിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു. ആരാണ് നായകൻ എന്ന് ചോദിച്ചാൽ എന്റെ പേര് പറയരുതെന്ന് അണിയറപ്രവർത്തകരോട് പറയണമെന്ന് എനിക്കുണ്ടായിരുന്നു.

കാരണം, കോമഡി ഒക്കെ ചെയ്ത് നടന്ന ഒരാളാണ് നായകൻ എന്നറിഞ്ഞാൽ അവർ ചിലപ്പോൾ പിന്മാറിയേക്കും. അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിൽ പോലും വരില്ല. എനിക്ക് മുൻപും പല സിനിമകളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. വലിയ ആർട്ടിസ്റ്റുകളുടെ പേര് പറയും, പക്ഷേ അവസാനം അവർ സിനിമയിലുണ്ടാകില്ല.

അതുകൊണ്ട് തന്നെ മധുബാല ഈ ചിത്രത്തിലേക്ക് വരുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. എന്നാൽ അവർ കഥ ഇഷ്ടപ്പെട്ട് വരാൻ സമ്മതിച്ചതോടെ ആ വെപ്രാളം മാറി. കരിയറിന്റെ ആദ്യകാലത്ത് നല്ല നായികമാർക്കൊപ്പം അഭിനയിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ഹേമമാലിനിയെ ആയിരുന്നു അന്ന് മനസ്സിൽ കണ്ടിരുന്നത്.

> അതൊന്നും നടന്നില്ലെങ്കിലും, ആ കുടുംബത്തിൽ നിന്ന് തന്നെ മധുബാലയെ നായികയായി ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. അന്ന് ആഗ്രഹിച്ചതെല്ലാം ഈ ശരീരപ്രകൃതിയിൽ ആയിരുന്നപ്പോഴായിരുന്നു. ഇപ്പോഴും എന്റെ കോലത്തിൽ മാറ്റമൊന്നും വന്നിട്ടില്ല, പക്ഷേ തലമുറ മാറിയപ്പോൾ ഞാൻ എങ്ങനെയോ അവർക്ക് പാകമാകുന്ന ഒരാളായി മാറി. ഓരം ചേർന്ന് നിന്നുപോകാതെ തുഴഞ്ഞതുകൊണ്ടാകാം ഇവിടം വരെ എത്താനായത്. അത് മാറിയ തലമുറയുടെ സമ്മാനമാണ്."

തയ്യൽക്കാരനായി ജീവിതം തുടങ്ങി, പിന്നീട് ഹാസ്യനടനായും, ഇപ്പോൾ പാൻ ഇന്ത്യൻ തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്ന ക്യാരക്ടർ റോളുകളിലൂടെയും മലയാളികളുടെ അഭിമാനമായി മാറിയ നടനാണ് ഇന്ദ്രൻസ്. 'ഹോം' എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാര സമിതിയുടെ പ്രത്യേക പരാമർശം നേടുകയും, അടുത്തിടെ തമിഴ് ചിത്രം 'കറുപ്പി'ലൂടെ തെന്നിന്ത്യയിലാകെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത താരം തികച്ചും വ്യത്യസ്തമായ ഒരു പ്രണയഭാവത്തിലാണ് പുതിയ ചിത്രത്തിൽ എത്തുന്നത്.

പൂർണ്ണമായും വാരണാസിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫീൽ ഗുഡ് റൊമാന്റിക് ഡ്രാമയാണ് 'ചിന്ന ചിന്ന ആസൈ'. ഒരിടവേളയ്ക്ക് ശേഷം ശക്തമായ ഒരു കഥാപാത്രവുമായി മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജനം ചിത്രം എങ്ങനെ സ്വീകരിക്കുമെന്ന ചങ്കിടിപ്പോടെയുള്ള കാത്തിരിപ്പിലാണ് താനെന്നും ജൂൺ 19-ന് ചിത്രം തിയറ്ററുകളിലെത്തുമെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/366146/indrans-opens-up-about-his-hesitation-to-act-with-prominent-actresses)