പാലക്കാട്: ( www.truevisionnews.com ) പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയിൽ പാലക്കാട് ഒറ്റപ്പാലത്ത് അധ്യാപികക്കെതിരെ വകുപ്പ് തല നടപടി. ഒറ്റപ്പാലം ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക പി. ബിന്ദുമോളെ സ്ഥലംമാറ്റി.
ഇന്നലെയാണ് ഒറ്റപ്പാലം ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി വിദ്യാഭ്യാസ മന്ത്രിക്ക് പരാതി അയക്കുന്നത്. പാഠപുസ്തക വിതരണം വൈകിയെന്ന് ആരോപിച്ചാണ് ആറാം ക്ലാസ് വിദ്യാർഥി വാട്സാപ്പിലൂടെ പരാതി അയച്ചത്.
ഇതിന് പിന്നാലെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദേശപ്രകാരം ഡെപ്യൂട്ടി വിദ്യാഭ്യാസ ഓഫീസർ അന്വേഷണം നടത്തുന്നത്. ഇതിൽ സ്കൂളിലെ അധ്യാപികയായ ബിന്ദുമോളുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തി.
ഒറ്റപ്പാലം ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഗവ. ഹയർസെക്കൻഡറി സ്കൂൾ ആനക്കരയിലേക്കാണ് പി. ബിന്ദുമോളെ സ്ഥലംമാറ്റിയത്. മാതൃകയാകേണ്ട അധ്യാപികയുടെ ഭാഗത്ത് നിന്ന് പാഠപുസ്തക വിതരണത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
Content Highlight: Student Complains About Delayed Distribution Of Textbooks Teacher Transferred In Ottapalam

































