---
title: "ജയറാമിനെ വിളിച്ചു, പക്ഷേ വന്നില്ല; ശക്തമായ കൂട്ടുകെട്ട് തകർത്തത് ഇടനിലക്കാർ; മനസ്സ് തുറന്ന് രാജസേനൻ"
english_title: "Intermediaries broke the bond with Jayaram, Rajasenan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365769/intermediaries-broke-the-bond-with-Jayaram-rajasenan"
published_at: "2026-06-13T15:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d260867869_Jayaram_Rajasenan.jpg"
keywords: ["Jayaram", "Rajasenan", "Mollywood", "Malayalam Cinema"]
---

# ജയറാമിനെ വിളിച്ചു, പക്ഷേ വന്നില്ല; ശക്തമായ കൂട്ടുകെട്ട് തകർത്തത് ഇടനിലക്കാർ; മനസ്സ് തുറന്ന് രാജസേനൻ

> **Lead Summary:** മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച കോമ്പോ ആയിരുന്നു ജയറാമും സംവിധായകൻ രാജസേനനും. ‘മേലേപറമ്പിൽ ആൺവീട്’, 'സിഐഡി ഉണ്ണികൃഷ്ണൻ ബിഎ, ബിഎഡ്', 'അനിയൻ ബാവ ചേട്ടൻ ബാവ', 'കടിഞ്ഞൂൽ കല്യാണം' തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളാണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത്. എന്നാൽ, പിന്നീട് ഇരുവരും തമ്മിൽ അകലുകയായിരുന്നു.

## Article Content

മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച കോമ്പോ ആയിരുന്നു ജയറാമും സംവിധായകൻ രാജസേനനും. ‘മേലേപറമ്പിൽ ആൺവീട്’, 'സിഐഡി ഉണ്ണികൃഷ്ണൻ ബിഎ, ബിഎഡ്', 'അനിയൻ ബാവ ചേട്ടൻ ബാവ', 'കടിഞ്ഞൂൽ കല്യാണം' തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളാണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത്. എന്നാൽ, പിന്നീട് ഇരുവരും തമ്മിൽ അകലുകയായിരുന്നു.

ഇപ്പോഴിതാ, തങ്ങളുടെ പിണക്കത്തെക്കുറിച്ച് തുറന്നു പറയുകയാണ് രാജസേനൻ. ജയറാമിനെ താൻ മകളുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം വന്നില്ലെന്നും, മറിച്ച് ജയറാമിന്റെ മക്കളുടെ വിവാഹത്തിന് തന്നെ വിളിച്ചില്ലെന്നും രാജസേനൻ വെളിപ്പെടുത്തുന്നു. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

എന്നെ ആ കല്യാണത്തിന് വിളിക്കാത്തതുകൊണ്ട് പോയില്ല. അത് അത്രയേ ഉള്ളൂ. അതിന് മുമ്പ് എന്റെ മകളുടെ കല്യാണമായിരുന്നു നടന്നത്. അതിന് വിളിച്ചപ്പോള്‍ ജയറാം വന്നിരുന്നില്ല. അയാള്‍ സാമാന്യബുദ്ധിയോടെയാണ് അത് ചെയ്തത്. കാരണം, എന്നെ ഒരു കല്യാണത്തിന് വിളിച്ച് ഞാന്‍ പോയില്ലെങ്കില്‍ പിന്നീട് ഞാന് വിളിക്കുന്ന കല്യാണത്തിന് അയാള്‍ വരുമോ എന്ന് ചിന്തിച്ചാല്‍ മതി.

അത് തന്നെയാണ് ഇവിടെയും നടന്നത്. അതിനെ കുറച്ചുകൂടി എളുപ്പമാക്കിയിട്ട് എന്നെ കല്യാണത്തിന് വിളിച്ചതേയില്ല. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആളുകള്‍ എന്നോട് ഇതിനെപ്പറ്റി ചോദിക്കാറുണ്ട്. ഇത്ര വിശദീകരിക്കാതെ, സിമ്പിളായി മറുപടി നല്‍കും. ഇനിയും അതിനെപ്പറ്റി ചോദിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല,’ രാജസേനന്‍ പറയുന്നു. സ്ക്രിപ്റ്റിൽ ഇടപെടാൻ തുടങ്ങിയപ്പോഴാണ് ജയറാമുമായി അഭിപ്രായ വ്യത്യസം ആരംഭിച്ചതെന്നും രാജസേനൻ പറഞ്ഞു.

'ജയറാമിന് കഥയില്‍ ഇടപെടാന്‍ അറിയില്ല. ദിലീപ് കഥയിലും പല കാര്യത്തിലും ഇടപെടാറുണ്ട്. ദിലീപിന് അതറിയാം. ഒരു സിനിമയ്ക്ക് ശേഷം അടുത്ത സിനിമ വരുമ്പോള്‍ ഒരു നാലോ അഞ്ചോ വാചകങ്ങള്‍ ചിലപ്പോള്‍ ഫോണില്‍ കൂടിയാണ് ഞാന്‍ പറഞ്ഞുകൊടുക്കുന്നത്. പിന്നെ ജയറാം ആ സ്ക്രിപ്റ്റ് കാണുന്നത് ലൊക്കേഷനിലാണ്. 'മധുചന്ദ്രലേഖ'യും 'കനകസിംഹാസന'വും കഴിഞ്ഞിട്ട് അടുത്തതായി പ്ലാന്‍ ചെയ്തിരിക്കുന്ന സിനിമയുടെ കാര്യം വന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ വിയോജിപ്പ് ആരംഭിച്ചു. ‍ഞങ്ങള്‍ ഫോണിലാണ് സംസാരിച്ചത്. നമ്മള്‍ ഇങ്ങനെയല്ലല്ലോ ചെയ്തുകൊണ്ടിരുന്നത് എന്ന് ഞാന്‍ ചോദിച്ചു.

അല്ല, ഇനി അങ്ങനെയൊക്കെ വേണ്ടേ എന്ന് എന്നോട് ചോദിച്ചു. എങ്കില്‍ പിന്നെ ഞാനില്ല, നമുക്ക് പിന്നെ കാണാം എന്ന് പറഞ്ഞു. വഴക്കായിട്ടല്ല, സ്നേഹത്തോടെയാണ് പറഞ്ഞത്. ശക്തമായ ഒരു കൂട്ടുകെട്ട് ശകലം അകന്നു എന്ന് കണ്ടാല്‍ പിന്നെ അതിനെ വലിച്ചുമാറ്റിക്കൊണ്ട് പോകാന്‍ ആളുണ്ടാവും. അങ്ങനെ കുറച്ചുപേര്‍ വലിച്ചുമാറ്റിക്കൊണ്ടുപോയിട്ടുണ്ട്. അത് പുള്ളി അറിഞ്ഞില്ല, ഞാന്‍ അറിഞ്ഞു,' രാജസേനന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/365769/intermediaries-broke-the-bond-with-Jayaram-rajasenan)