#Kalabhavan Shajohn #Salim Kumar #Chanthupottu Movie #Malayalam Cinema
(https://moviemax.in/) മലയാളികളുടെ പ്രിയനടൻ സലിം കുമാറിന്റെ അപ്രതീക്ഷിത വേർപാടിന്റെ ദുഃഖത്തിനിടയിലും, അദ്ദേഹം സമ്മാനിച്ച സുന്ദരമായ ചിരിയോർമ്മകൾ പങ്കുവെച്ച് നടൻ കലാഭവൻ ഷാജോൺ. സലിം കുമാർ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കവെയാണ്, 'ചാന്തുപൊട്ട്' സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് സലിം കുമാറും സംവിധായകൻ ലാൽ ജോസും ചേർന്ന് തനിക്കിട്ട് തന്ന പണിയെക്കുറിച്ച് ഷാജോൺ വേദിയിൽ വെളിപ്പെടുത്തിയത്.
തികഞ്ഞ ബീഫ് പ്രേമിയായ തനിക്ക് കൊളസ്ട്രോൾ ഉണ്ടെന്ന് വിശ്വസിപ്പിച്ച് ഒരാഴ്ചയോളം ബീഫും എണ്ണപ്പലഹാരങ്ങളും കഴിപ്പിക്കാതെ സലിം കുമാർ വിരട്ടിയെന്നും, പേടി കാരണം ഒടുവിൽ താൻ കോട്ടയത്ത് പോയി ഫുൾ ബോഡി ചെക്കപ്പ് വരെ നടത്തിയെന്നും ഷാജോൺ ചിരിയോടെ ഓർത്തെടുത്തു. സലിം കുമാർ വിട്ടുപിരിഞ്ഞു എന്ന വിഷമം മാറ്റിവച്ച്, അദ്ദേഹം എപ്പോഴും ആഗ്രഹിച്ചതുപോലെ കുറച്ചു ചിരിച്ചുകൊണ്ടുതന്നെ സംസാരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, തന്നെപ്പോലുള്ള മിമിക്രി കലാകാരന്മാർക്ക് ഒരു ജ്യേഷ്ഠനെപ്പോലെ വലിയ ധൈര്യവും സപ്പോർട്ടുമായിരുന്നു അദ്ദേഹമെന്നും ഷാജോൺ വികാരാധീനനായി പറഞ്ഞു.
“നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ഒരാളാണ് നമ്മളെ വിട്ടുപിരിഞ്ഞു പോയത്. അതിന്റെയൊരു ദുഃഖം വേദിയിലും സദസ്സിലുമിരിക്കുന്ന എല്ലാവരുടെയും മുഖത്തുണ്ട്. പക്ഷേ, ഇതുകണ്ടാൽ സലിമേട്ടന് ഇഷ്ടപ്പെടുമോ എന്ന് ചോദിച്ചാൽ, ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, കഴിവതും സ്വയം നന്നായി ചിരിക്കുകയും മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്ത ആളാണ് അദ്ദേഹം. അതുകൊണ്ടുതന്നെ, സലിമേട്ടൻ നമ്മളെ വിട്ടുപോയി എന്ന ചിന്ത വരുമ്പോഴുള്ള വിഷമമല്ലാതെ, അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോഴുള്ള ഓരോ നിമിഷങ്ങളും എന്നെ പൊട്ടിപ്പൊട്ടി ചിരിപ്പിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് ആ വിഷമം മാറ്റിവെച്ച്, കുറച്ചു ചിരിച്ചുകൊണ്ടുതന്നെ നിങ്ങളോട് സംസാരിക്കാനാണ് ഞാനും ആഗ്രഹിക്കുന്നത്.
സലിമേട്ടനൊപ്പം കുറെ സിനിമകളിൽ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതിപ്പോൾ സലിമേട്ടനാണെങ്കിലും ദിലീപേട്ടനാണെങ്കിലും ഒക്കെ മിമിക്രിക്കാരായ ഞങ്ങൾക്ക് ജ്യേഷ്ഠന്മാരെപ്പോലെയായിരുന്നു. അവർ കൂടെയുണ്ടെന്ന് പറഞ്ഞാൽ നമുക്കൊരു ധൈര്യവും വലിയൊരു സപ്പോർട്ടുമായിരുന്നു. നമുക്ക് നല്ല നല്ല തമാശകൾ പറഞ്ഞുതന്ന് നമ്മളെക്കൊണ്ട് പെർഫോം ചെയ്യിക്കാനൊക്കെ അവർ മുന്നിലുണ്ടായിരുന്നു. എന്നെപ്പോലെ മിമിക്രിയിൽ നിന്ന് വന്നിട്ടുള്ള, ഇപ്പോൾ ഇവിടെയിരിക്കുന്ന വിനോദ് കെടാമംഗലവുമൊക്കെ അത് നന്നായി അനുഭവിച്ചറിഞ്ഞിട്ടുള്ള കാര്യമായിരിക്കും. അങ്ങനെ എന്നെ ഒരുപാട് സഹായിച്ചിട്ടുള്ള, ഒരുപാട് ചിരിക്കാനും ചിരിപ്പിക്കാനും കൂടെനിന്ന ഒരാളാണ് സലിമേട്ടൻ
.അദ്ദേഹവുമായി ഒരുപാട് അനുഭവങ്ങൾ ഉണ്ടെങ്കിലും പെട്ടെന്ന് നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നിയ ഒരു കഥയുണ്ട്. ഞാൻ തികഞ്ഞ ഒരു ബീഫ് പ്രേമിയാണ്; ബീഫ് ഇല്ലാതെ ഒരു ദിവസം പോലും ഭക്ഷണം കഴിക്കരുതേ എന്ന് പ്രാർഥിക്കുന്ന ഒരാൾ! അങ്ങനെയുള്ള എന്നെക്കൊണ്ട് ഒരാഴ്ചയോളം ബീഫ് കഴിപ്പിക്കാതിരുന്ന ആളാണ് സലിമേട്ടൻ. ലാൽ ജോസ് സാർ സംവിധാനം ചെയ്ത 'ചാന്തുപൊട്ട്' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. കടപ്പുറത്തുവെച്ചാണ് ഷൂട്ട്. സലിമേട്ടന് അവിടെ ചായക്കടയാണ്, ഞാൻ ഐസ്ക്രീമൊക്കെ വിറ്റുനടക്കുന്ന ഒരു ചെറിയ ക്യാരക്ടറും. ഞാൻ ബീഫ് ഭയങ്കരമായി ഇഷ്ടപ്പെടുന്ന ആളാണെന്ന് സലിമേട്ടന് അറിയാമായിരുന്നു.
ഒരു ദിവസം ഇടവേളയിൽ ഞങ്ങൾ കടല കഴിച്ചുകൊണ്ടിരുന്നപ്പോൾ സലിമേട്ടൻ എന്നോട് പറഞ്ഞു, ‘‘കടല ഒരുപാട് കഴിക്കരുത്, ഇത് കൊളസ്ട്രോളിന്റെ പ്രശ്നമാണ്.’’ അപ്പോൾ ഞാൻ പറഞ്ഞു, ‘‘സലിമേട്ടാ എനിക്ക് കൊളസ്ട്രോളില്ല.’’ നീ ഇങ്ങോട്ട് നടന്നു വന്നപ്പോൾ കിതക്കുന്നത് കണ്ടല്ലോ, അതുകൊണ്ട് സൂക്ഷിക്കണം എന്നായി അദ്ദേഹം. എനിക്ക് കൊളസ്ട്രോൾ ഇല്ലെന്ന് നല്ല ഉറപ്പായിരുന്നു. പിന്നീട് ഉച്ചയ്ക്ക് ഞങ്ങളെല്ലാം കൂടിയിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ബീഫ് വിളമ്പി. കൂടെയുണ്ടായിരുന്ന സിൻലാലിന്റെ ലാലേട്ടൻ പെട്ടെന്ന് പറഞ്ഞു, "ബീഫ് കൊളസ്ട്രോളിന് കുഴപ്പമാണ് കേട്ടോ." എനിക്ക് കൊളസ്ട്രോൾ ഇല്ലെന്ന് ഞാൻ ആവർത്തിച്ചപ്പോൾ, ഇല്ലെങ്കിൽ കഴിച്ചോ എന്ന് പറഞ്ഞ് ഞാൻ വീണ്ടും കഴിച്ചു.
വൈകുന്നേരം ചായയുടെ കൂടെ സ്നാക്സ് വന്നപ്പോൾ ഞാൻ രണ്ട് ഉഴുന്നുവട എടുത്തു. ആ പ്രായത്തിൽ എന്തുവേണമെങ്കിലും കഴിക്കാമല്ലോ. എന്നാൽ ഞാൻ ഉഴുന്നുവട എടുത്തതും ഡയറക്ടർ ലാൽ ജോസ് സാർ പറഞ്ഞു, ‘‘കൊളസ്ട്രോൾ ഉണ്ടെങ്കിൽ നീ അത് കഴിക്കല്ലേ, അവിടെ വെച്ചേക്ക്.’’ അവിടം മുതൽ എനിക്ക് ശരിക്കും പേടിയായിത്തുടങ്ങി. അടുത്ത ഒരാഴ്ചത്തേക്ക് ഉച്ചയ്ക്ക് ബീഫ് തരുമ്പോൾ 'വേണ്ട' എന്നും, വൈകുന്നേരം എണ്ണപ്പലഹാരങ്ങൾ കൊണ്ടുവരുമ്പോൾ 'വേണ്ട' എന്നും ഞാൻ പറഞ്ഞുതുടങ്ങി. ഒരാഴ്ചത്തെ ഷൂട്ട് കഴിഞ്ഞയുടൻ ഞാൻ നേരെ കോട്ടയത്ത് പോയി ഫുൾ ബോഡി ചെക്കപ്പ് നടത്തി. റിസൾട്ട് വന്നപ്പോൾ കൊളസ്ട്രോളുമില്ല, ഷുഗറുമില്ല, പ്രഷറുമില്ല, ഒന്നുമില്ല!
അടുത്ത ദിവസം ഷൂട്ടിംഗിന് ചെന്നപ്പോൾ ഞാൻ സലിമേട്ടനോട് ചെന്ന് പറഞ്ഞു, ‘‘സലിമേട്ടാ എനിക്ക് കൊളസ്ട്രോളും പ്രഷറും ഷുഗറുമൊന്നുമില്ല.’’ ഇതുകേട്ടതും നമ്മളെല്ലാവരും കേട്ടുപരിചയിച്ചിട്ടുള്ള, അദ്ദേഹത്തിന്റെ ആ പ്രസിദ്ധമായ ഒറ്റ പൊട്ടിച്ചിരിയായിരുന്നു മറുപടി. എന്നിട്ട് അദ്ദേഹം ലാലേട്ടനെയും ലാൽ ജോസ് സാറിനെയുമെല്ലാം വിളിച്ചു. യഥാർഥത്തിൽ ഇതെല്ലാം സലിമേട്ടന്റെ തന്നെ സ്ക്രിപ്റ്റ് ആയിരുന്നു! എന്നെ ഒന്ന് വിരട്ടാനും, ഒരാഴ്ചത്തേക്ക് എന്നെക്കൊണ്ട് ബീഫ് കഴിപ്പിക്കാതിരിക്കാനും അവർ ഒത്തുകളിച്ചതായിരുന്നു. ഇത് എനിക്ക് ഇന്നും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാര്യമാണ്.
ഞാൻ ആദ്യം പറഞ്ഞതുപോലെ, സലിമേട്ടൻ നമ്മളിൽ നിന്ന് വേർപിരിഞ്ഞുപോയി എന്ന കാര്യം ഓർക്കുമ്പോഴുള്ള ഒരു വിഷമം ഒഴിച്ചാൽ, ബാക്കി അദ്ദേഹത്തോടൊപ്പമുള്ള എല്ലാ നിമിഷങ്ങളും എന്നെ ചിരിപ്പിക്കുന്ന കാര്യങ്ങൾ മാത്രമാണ്. ആ ചിരികൾ എന്നും എന്റെ മനസ്സിലുണ്ടാകും; ആ ചിരികളിലൂടെ സലിമേട്ടനും എന്റെ മനസ്സിൽ എന്നും ജീവിക്കും.’’– കലാഭവൻ ഷാജോൺ പറയുന്നു.
Content Highlight: Shajohn shares funny memory from Chanthupottu set
#Kalabhavan Shajohn #Salim Kumar #Chanthupottu Movie #Malayalam Cinema

































