---
title: "കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാക്വിലിൻ ഫെർണാണ്ടസിന്റെ ഹർജിയിൽ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി; കാരണം ഇതാണ്!"
english_title: "Money laundering case, Supreme Court judge recuses himself from hearing Jacqueline Fernandez's plea"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365489/money-laundering-case-supreme-court-judge-recuses-himself-from-hearing-jacqueline-fernandezs-plea"
published_at: "2026-06-12T12:02:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ba8a18e034_Jacqueline_Fernandez.jpg"
keywords: ["Jacqueline Fernandez", "Supreme Court", "Bollywood", "Money Laundering Case"]
---

# കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാക്വിലിൻ ഫെർണാണ്ടസിന്റെ ഹർജിയിൽ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി; കാരണം ഇതാണ്!

> **Lead Summary:** കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തനിക്കെതിരെ കുറ്റം ചുമത്തിയതിനെ ചോദ്യം ചെയ്ത് ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര സ്വയം പിന്മാറി.

## Article Content

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തനിക്കെതിരെ കുറ്റം ചുമത്തിയതിനെ ചോദ്യം ചെയ്ത് ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര സ്വയം പിന്മാറി.

ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. വ്യാഴാഴ്ച കേസ് ബെഞ്ചിന്റെ മുൻപാകെ വന്നപ്പോഴാണ് ജസ്റ്റിസ് മിശ്ര പിന്മാറ്റം പ്രഖ്യാപിച്ചത്. തന്റെ മകൻ ഈ കേസിൽ സർക്കാർ പക്ഷത്തിന് (ഇ.ഡി) വേണ്ടി ഹാജരാകുന്നുണ്ടെന്നും, അതിനാൽ കേസ് പരിഗണിക്കുന്ന ബെഞ്ചിന്റെ ഭാഗമാകാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ നിർദ്ദേശിച്ച കാര്യം കോടതി നടിയുടെ അഭിഭാഷകനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും അറിയിച്ചു.

ജസ്റ്റിസ് മിശ്ര പിന്മാറിയതോടെ ജൂൺ 25ന് കേസ് അദ്ദേഹം ഇല്ലാത്ത ബെഞ്ചിനു മുന്നിൽ ലിസ്റ്റ് ചെയ്യും. അനുയോജ്യമായ ബെഞ്ചിനു മുന്നിൽ വിടുന്നതിനായി അത് ചീഫ് ജസ്റ്റിസിന് മുന്നിൽ സമർപ്പിക്കുകയും ചെയ്യും.

കഴിഞ്ഞ വർഷം സെപ്തംബറിലാണ് 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാപ്പു​സാക്ഷിയാകാനുള്ള നടിയുടെ അപേക്ഷയെ ഡൽഹി ഹൈക്കോടതി തള്ളിയത്. നടിയെ കേസിൽ കൂട്ടുപ്രതിയാക്കിയതിനെതിരെ നൽകിയ ഹർജിയിൽ തനിക്ക് പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായി യാതൊരു ബന്ധവുമില്ലെന്നാണ് ജാക്വിലിൻ പറഞ്ഞിരുന്നത്.

എന്നാൽ സുകേഷ് ചന്ദ്രശേഖറിന്‍റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും ബന്ധം തുടർന്നുവെന്നും വിലകൂടിയ സമ്മാനങ്ങൾ സ്വീകരിക്കുകയും നിയമവിരുദ്ധ സമ്പാദ്യത്തിന്റെ പങ്ക് ആസ്വദിച്ചുവെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു.

മുൻ ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടറായ ശിവിന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അദിതി സിങ് ഉൾപ്പെടെയുള്ള പ്രമുഖരെ വഞ്ചിച്ചെന്നാണ് സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണം. മുൻ റാൻബാക്‌സി പ്രൊമോട്ടർമാരായ ശിവിന്ദർ സിംഗ്, മൽവിന്ദർ സിംഗ് എന്നിവരുടെ ഭാര്യമാരുൾപ്പെടെയുള്ളവരെയുള്ളവരെയും സുകേഷ് ചന്ദ്രശേഖർ വഞ്ചിച്ചതായി കേസുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/365489/money-laundering-case-supreme-court-judge-recuses-himself-from-hearing-jacqueline-fernandezs-plea)