---
title: "'ലാലേട്ടൻ എന്നോട് അത് പറഞ്ഞു, കെ-റെയിൽ പോലെയാവില്ല ഈ സിനിമ വന്നിരിക്കും'; 'ഓപ്പറേഷൻ സിന്ദൂർ' അപ്ഡേറ്റുമായി മേജർ രവി"
english_title: "'Lalettan told me that, this movie will not be like K-Rail'; Major Ravi with 'Operation Sindoor' update"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365437/lalettan-told-me-that-this-movie-will-not-be-like-k-rail-major-ravi-with-operation-sindoor-update"
published_at: "2026-06-12T09:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b8973cafe2_Major_Ravi.jpg"
keywords: ["Mohanlal", "Major Ravi", "Operation Sindoor", "Malayalam Cinema"]
---

# 'ലാലേട്ടൻ എന്നോട് അത് പറഞ്ഞു, കെ-റെയിൽ പോലെയാവില്ല ഈ സിനിമ വന്നിരിക്കും'; 'ഓപ്പറേഷൻ സിന്ദൂർ' അപ്ഡേറ്റുമായി മേജർ രവി

> **Lead Summary:** മലയാളത്തിൽ മിലിട്ടറി സിനിമകൾക്ക് പുതിയൊരു മുഖം നൽകിയ സംവിധായകനാണ് മേജർ രവി. അദ്ദേഹം സംവിധാനം ചെയ്ത 'കീർത്തിചക്ര', 'കുരുക്ഷേത്ര' തുടങ്ങിയ ചിത്രങ്ങൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഈ ഹിറ്റ് ചിത്രങ്ങളിലെല്ലാം മോഹൻലാലായിരുന്നു നായകൻ. ഏതാനും മാസങ്ങൾക്ക് മുൻപ്, തന്റെ അടുത്ത ചിത്രത്തിൽ വീണ്ടും മോഹൻലാൽ നായകനാകുമെന്നും അത് 'ഓപ്പറേഷൻ സിന്ദൂർ' ആസ്പദമാക്കിയുള്ള ചിത്രമായിരിക്കുമെന്നും മേജർ രവി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബിഗ് ബഡ്ജറ്റ് ചിത്രമായ ഇതിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചില പ്രായോഗിക തടസ്സങ്ങളുണ്ടെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു.

## Article Content

മലയാളത്തിൽ മിലിട്ടറി സിനിമകൾക്ക് പുതിയൊരു മുഖം നൽകിയ സംവിധായകനാണ് മേജർ രവി. അദ്ദേഹം സംവിധാനം ചെയ്ത 'കീർത്തിചക്ര', 'കുരുക്ഷേത്ര' തുടങ്ങിയ ചിത്രങ്ങൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഈ ഹിറ്റ് ചിത്രങ്ങളിലെല്ലാം മോഹൻലാലായിരുന്നു നായകൻ. ഏതാനും മാസങ്ങൾക്ക് മുൻപ്, തന്റെ അടുത്ത ചിത്രത്തിൽ വീണ്ടും മോഹൻലാൽ നായകനാകുമെന്നും അത് 'ഓപ്പറേഷൻ സിന്ദൂർ' ആസ്പദമാക്കിയുള്ള ചിത്രമായിരിക്കുമെന്നും മേജർ രവി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബിഗ് ബഡ്ജറ്റ് ചിത്രമായ ഇതിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചില പ്രായോഗിക തടസ്സങ്ങളുണ്ടെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു.

സമീപകാലത്തൊന്നും ഈ പ്രോജക്റ്റിനെക്കുറിച്ച് പുതിയ അപ്ഡേറ്റുകൾ ഒന്നും വരാതിരുന്നതോടെ ചിത്രം ഉപേക്ഷിച്ച മട്ടിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളിൽ സജീവമായിരുന്നു. എന്നാൽ ഈ പ്രചാരണങ്ങളിൽ ഒടുവിൽ വ്യക്തത വരുത്തിയിരിക്കുകയാണ് മേജർ രവി തന്നെ. മേക്ക് സെൻസ് മീഡിയയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിലാണ് സിനിമയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.

> “ഇനിയിപ്പോള്‍ അത് തുറന്നങ്ങ് പറയാം. എന്നോട് ലാല്‍ പറഞ്ഞ ഒരു കാര്യമുണ്ട്. അണ്ണാ. ഋഷഭ പോലെയുള്ള എന്‍റെ രണ്ട് മൂന്ന് പടങ്ങള്‍ തുടങ്ങിവച്ചിട്ട് പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോള്‍ നല്ലൊരു പ്രൊഡ്യൂസര്‍ ഇല്ലെങ്കില്‍ അത് തുടങ്ങരുത് എന്ന്. ശരിയെന്ന് ഞാനും പറഞ്ഞു. ഞാന്‍ നാല് മാസമായിട്ട് ലാലുമായിട്ട് ഈ പടത്തെക്കുറിച്ച് സംസാരിച്ചിട്ടുപോലുമില്ല. പക്ഷേ ഞാന്‍ എന്‍റെ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ഇടയിലും അത് നടത്തിയിരുന്നു. സ്റ്റോറിയെല്ലാം ബോള്‍ഡ് ആക്കി, പട്ടാളത്തിന്‍റെ പെര്‍മിഷന്‍ എടുത്തു, എല്ലാം ക്ലിയര്‍ ആക്കി. ഇപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒരു പ്രൊഡ്യൂസര്‍ വന്നിട്ടുണ്ട്. കന്നഡയില്‍ നിന്നാണ് വരുന്നത്. ഞങ്ങള്‍ ഈ പ്രോജക്റ്റ് ചെയ്യും. കെ-റെയില്‍ വരുമെന്ന് പിണറായി വിജയന്‍ പറഞ്ഞതുപോലെയല്ല. ഈ സിനിമ വന്നിരിക്കും. മനുഷ്യത്വത്തിന്‍റെ ഒരു കഥ അതില്‍ ഉണ്ടാവും. ഒപ്പം പ്രതികാരത്തിന്‍റെ ഒരു പീക്കും”, മേജര്‍ രവി പറയുന്നു.

മോഹന്‍ലാല്‍ തന്നെ നായകനായ 1971: ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രമാണ് മേജര്‍ രവി അവസാനം സംവിധാനം ചെയ്തത്. ഇത് 2017 ലാണ് പുറത്തെത്തിയത്. കരിയറില്‍ ആകെ 10 ചിത്രങ്ങളാണ് മേജര്‍ രവി സംവിധാനം ചെയ്തിട്ടുള്ളത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്നു മേജര്‍ രവി.

### Related Links & Sources
- [Original Story Source](https://moviemax.in/news/365437/lalettan-told-me-that-this-movie-will-not-be-like-k-rail-major-ravi-with-operation-sindoor-update)