---
title: "'370 രൂപയുടെ ബിരിയാണി കഥ ഞാനും കേട്ടു, ഞങ്ങളുടെ പാഡിന് അതിലും വിലയുണ്ട്'; കോമഡിയന്റെ ഷോയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പൂനം പാണ്ഡെ"
english_title: "Poonam Pandey speaks out against misogyny on comedian's show"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365351/poonam-pandey-speaks-out-against-misogyny-on-comedians-show"
published_at: "2026-06-11T16:46:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a990be2f9a_VBN.jpg"
keywords: ["LATEST NEWS", "Poonam Pandey", "comedian's show", "Biriyani"]
---

# '370 രൂപയുടെ ബിരിയാണി കഥ ഞാനും കേട്ടു, ഞങ്ങളുടെ പാഡിന് അതിലും വിലയുണ്ട്'; കോമഡിയന്റെ ഷോയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പൂനം പാണ്ഡെ

> **Lead Summary:** വിവാദ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ള നടിയാണ് പൂനം പാണ്ഡെ. എന്നാൽ ഇത്തവണ പൂനം വാർത്തകളിൽ നിറയുന്നത് സ്ത്രീകൾക്കെതിരായ ഒരു മോശം പരാമർശത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ്.

## Article Content

വിവാദ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ള നടിയാണ് പൂനം പാണ്ഡെ. എന്നാൽ ഇത്തവണ പൂനം വാർത്തകളിൽ നിറയുന്നത് സ്ത്രീകൾക്കെതിരായ ഒരു മോശം പരാമർശത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ്.

ബിഗ് ബോസ് ഹിന്ദി സീസൺ 19 മത്സരാർഥിയും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ പ്രണിത് മോറെയുടെ ലൈവ് ഷോയ്ക്കിടെ ഒരു കാണി നടത്തിയ സ്ത്രീവിരുദ്ധ പരാമർശവും അതിനോടുള്ള പൂനത്തിന്റെ പ്രതികരണവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

പ്രണിത് മോറെയുടെ ലൈവ് ഷോയ്ക്കിടെ കാണികളിലൊരാൾ തമാശ രൂപേണ ഒരു സ്ത്രീയെക്കുറിച്ച് മോശം പരാമർശം നടത്തിയിരുന്നു. തന്നേക്കാൾ പ്രായം കുറഞ്ഞ ഒരു സ്ത്രീക്കൊപ്പം ഡേറ്റിംഗിന് പോകുന്നതിനെക്കുറിച്ചായിരുന്നു ഇയാളുടെ തമാശ. അവരുമായി 370 രൂപ വിലയുള്ള ബിരിയാണി ഷെയർ ചെയ്യുമെന്നും, എന്നാൽ ആ പണം തനിക്ക് എങ്ങനെയെങ്കിലും തിരിച്ചുപിടിക്കേണ്ടതുണ്ടെന്നുമായിരുന്നു (ലൈംഗികച്ചുവയോടെയുള്ള) ഇയാളുടെ പരാമർശം.

ഈ പരാമർശത്തിലെ അശ്ലീലത മനസ്സിലാക്കാതെ കൊമേഡിയൻ പ്രണിത് മോറെ ഇയാൾക്കൊപ്പം ചിരിക്കുകയായിരുന്നു. ഈ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമർശനം ഉയർന്നു.

> സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തതോടെയാണ് പൂനം പാണ്ഡെ തന്റെ തനത് ശൈലിയിലുള്ള കടുത്ത മറുപടിയുമായി രംഗത്തെത്തിയത്. "370 രൂപയുടെ ബിരിയാണിക്കഥ ഞാനും കേട്ടു. കൊള്ളാം സഹോദരാ... ഞാൻ ഒരു കാര്യം പറയാം. ഞങ്ങൾ സ്ത്രീകൾക്ക് എല്ലാ മാസവും പിരീഡ്സ് ഉണ്ടാവാറുണ്ട്. അതിനായി ഞങ്ങൾ സാനിറ്ററി പാഡുകൾ ഉപയോഗിക്കാറുണ്ട്. അതിന് ഈ 370 രൂപയേക്കാൾ കൂടുതൽ വിലയാകാറുണ്ട്. ഉപയോഗിച്ചതിന് ശേഷം അത് ഞങ്ങൾ വലിച്ചെറിയാറാണ് പതിവ്."— പൂനം പാണ്ഡെ

> സംഭവം കൈവിട്ടുപോയതോടെ കൊമേഡിയൻ പ്രണിത് മോറെ പരസ്യമായി ക്ഷമാപണം നടത്തുകയും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്യുകയും ചെയ്തു. "എന്റെ ഷോയിൽ പങ്കെടുത്ത ആ കാണിയുടെ അഭിപ്രായം എന്റെ കാഴ്ചപ്പാടല്ല. തിരിഞ്ഞുനോക്കുമ്പോൾ, ആ പരാമർശത്തെ ഞാൻ അപ്പോൾ തന്നെ എതിർക്കണമായിരുന്നെന്ന് തിരിച്ചറിയുന്നു. അതിന് പകരം ചിരിച്ച് അടുത്ത വിഷയത്തിലേക്ക് കടന്നത് എന്റെ ഭാഗത്തുനിന്നുണ്ടായ വലിയ പിഴവാണ്. സംഭവിച്ചതിന് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു," പ്രണിത് കുറിച്ചു.

സ്ത്രീകൾക്കെതിരെയുള്ള ഓൺലൈൻ/ഓഫ്‌ലൈൻ അധിക്ഷേപങ്ങൾക്കെതിരെ ശക്തമായി സംസാരിച്ച പൂനം പാണ്ഡെയ്ക്ക് വലിയ പിന്തുണയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/365351/poonam-pandey-speaks-out-against-misogyny-on-comedians-show)