കണ്ണൂർ : https://truevisionnews.com/) ഷുഹൈബ് വധക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ആകാശ് തില്ലങ്കേരിയും മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലും തമ്മിൽ സോഷ്യൽ മീഡിയയിൽ കടുത്ത ഫെയ്സ്‌ബുക്ക് വാക്പോര്.
കേസിൽ ആകാശ് തില്ലങ്കേരിയുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയതിന് പിന്നാലെ രാഹുൽ നടത്തിയ പരിഹാസ പോസ്റ്റിന്, തൊട്ടടുത്ത ദിവസം ഹൈക്കോടതിയിൽ നിന്ന് വീണ്ടും ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ആകാശ് മറുപടി നൽകിയത്. നായ്ക്കളുടെയും കോഴികളുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഇരുവരുടെയും ഫെയ്‌സ്‌ബുക്ക് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷുഹൈബ് വധക്കേസ് വിചാരണയ്ക്കിടെ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരുടെ ജാമ്യം തലശ്ശേരി കോടതി റദ്ദാക്കി റിമാൻഡ് ചെയ്തത്. ഇതിന് പിന്നാലെ, ആകാശ് മുമ്പ് പങ്കുവെച്ച ഒരു ജീപ്പിന് മുകളിൽ നായ്ക്കൊപ്പം ഇരിക്കുന്ന ചിത്രത്തിൽ നിന്നും ആകാശിനെ മാത്രം ഒഴിവാക്കി രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്‌ബുക്കിൽ പോസ്റ്റിട്ടു. "ഈ നായ്ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ഷുഹൈബിനെ വേട്ടയാടാൻ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്. വിടാതെ വിടില്ല ഒരു കണക്കും" എന്നായിരുന്നു രാഹുലിന്റെ കടുത്ത കുറിപ്പ്.
എന്നാൽ ഇന്നലെ ആകാശ് അടക്കമുള്ളവർക്ക് ഹൈക്കോടതി ജാമ്യം നൽകുകയും ജയിലിനു പുറത്തിറങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ ആകാശ് തില്ലങ്കേരി സമൂഹ മാധ്യമത്തിൽ രാഹുലിനെതിരെ പോസ്റ്റിട്ടു. ജീപ്പിനു മുകളിൽ കോഴി ഇരിക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ‘ക്വാണ്ടം മെക്കാനിക്സ് അറിയാത്തത് കൊണ്ട് ജയിലിൽ പോകേണ്ടി വന്ന കോഴി കൂവി എന്ന് കേട്ടു. തില്ലങ്കേരി സഖാക്കൾ പേടിച്ച് പോയി എന്ന് പറഞ്ഞേക്ക്’ എന്നായിരുന്നു കുറിപ്പ്.
അതേ സമയം, ആകാശ് തില്ലങ്കേരിക്ക് ഒപ്പം ഇരിക്കുന്ന നായയുടെ പേര് ബെല്ല എന്നാണെന്ന് സുജീഷ് കാക്കയങ്ങാട് സമൂഹ മാധ്യമത്തിൽ കുറിച്ചു. ഇവളുടെ പേര് ബെല്ല എന്നാണ്. കുറച്ച് കാലം മുന്നേ തന്റെ വീട്ടിൽ വന്ന ഒരു മൂർഖൻ പാമ്പിനെ നേരിടുന്നതിനിടയിൽ പാമ്പിന്റെ കടിയേറ്റ് ബെല്ല മരണപ്പെട്ടു. ആ പാമ്പിനെ രണ്ട് കഷ്ണമാക്കി തീർത്തതിനു ശേഷമാണ് ബെല്ല മരണത്തിനു കീഴടങ്ങിയതെന്നും കുറിപ്പിൽ പറയുന്നു.
Content Highlight: Akash Thillankeri trolls Rahul Mangkootatil after being released from jail


































