---
title: "'റിവ്യൂ ബോംബിങ് അതിർത്തി ലംഘിക്കുന്നു, അശ്വന്ത് കോക്കിനെതിരെ സൈബർ പൊലീസിൽ പരാതി നൽകും': ഫിലിം ചേമ്പർ പ്രസിഡന്റ്"
english_title: "Content Highlights:- 'Review bombing crosses boundaries, will file a complaint with cyber police against Ashwant Kokin': Film Chamber President"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361956/content-highlights-review-bombing-crosses-boundaries-will-file-a-complaint-with-cyber-police-against-ashwant-kokin-film-chamber-president"
published_at: "2026-05-26T17:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1587291208a_AswanthKok.jpg"
keywords: ["Review Bombing", "Aswanth Kok", "Madhav Suresh", "Film Chamber", "Malayalam Cinema"]
---

# 'റിവ്യൂ ബോംബിങ് അതിർത്തി ലംഘിക്കുന്നു, അശ്വന്ത് കോക്കിനെതിരെ സൈബർ പൊലീസിൽ പരാതി നൽകും': ഫിലിം ചേമ്പർ പ്രസിഡന്റ്

> **Lead Summary:** സിനിമയിലെ റിവ്യൂ ബോംബിങ് എല്ലാ അതിർത്തികളും ലംഘിക്കുകയാണെന്ന് ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ തോമസ്. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ വ്യക്തിപരമായി മോശമായി ചിത്രീകരിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

## Article Content

സിനിമയിലെ റിവ്യൂ ബോംബിങ് എല്ലാ അതിർത്തികളും ലംഘിക്കുകയാണെന്ന് ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ തോമസ്. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ വ്യക്തിപരമായി മോശമായി ചിത്രീകരിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മലയാള സിനിമയെ തകർക്കുന്ന രീതിയിലുള്ള ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കാനും ആഭ്യന്തരമന്ത്രിക്കാനും ഉടൻ പരാതി നൽകുമെന്നും അനിൽ തോമസ് വ്യക്തമാക്കി. യൂട്യൂബ് റിവ്യൂവർ അശ്വന്ത് കോക്ക് സിനിമകളെയും സിനിമാപ്രവർത്തകരെയും തുടർച്ചയായി മോശമായി ചിത്രീകരിക്കുന്നുണ്ടെന്നും, അദ്ദേഹത്തിനെതിരെ സൈബർ പൊലീസിൽ പരാതി നൽകുമെന്നും ഫിലിം ചേമ്പർ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ച ദിവസങ്ങളിലായി മാധവ് സുരേഷ് പ്രധാന വേഷത്തിലെത്തിയ അങ്കം അട്ടഹാസം എന്ന ചിത്രവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ രൂപപ്പെട്ടിരുന്നു. യൂട്യൂബർ അശ്വന്ത് കോക്ക് സിനിമയ്‌ക്കെതിരെ നെഗറ്റിവ് റിവ്യൂ പറയാതിരിക്കാനായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു സിനിമയുടെ നിർമ്മാതാവും മാധവ് സുരേഷും ആരോപിച്ചത്.

എന്നാൽ ഇതെല്ലാം നിഷേധിച്ചുകൊണ്ടും തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ടുകൊണ്ടും മാധവ് സുരേഷിനെതിരെ അശ്വന്ത് കോക്ക് രംഗത്തെത്തിയിരുന്നു. വളരെ രൂക്ഷമായ ഭാഷയിലായിരുന്നു അശ്വന്ത് കോക്കിന്റെ പ്രതികരണം. ഷൈൻ ടോം ചാക്കോ, മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് അങ്കം അട്ടഹാസം.

### Related Links & Sources
- [Original Story Source](https://moviemax.in/news/361956/content-highlights-review-bombing-crosses-boundaries-will-file-a-complaint-with-cyber-police-against-ashwant-kokin-film-chamber-president)