വാളയാർ: (truevisionnews.com) വാളയാറിൽ മോഷണം പോയ സ്കൂട്ടർ ഉടമയുടെ വീടിനു മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പിടിക്കപ്പെടുമെന്ന് ഉറപ്പായ മോഷ്ടാക്കൾ വാഹനം തിരികെ എത്തിച്ച് തടിയൂരുകയായിരുന്നു.
വാളയാർ ഡാം റോഡ് സ്വദേശിയായ നിർമ്മാണത്തൊഴിലാളിയും കോൺട്രാക്ടറുമായ ഉദയകുമാറിന്റെ സ്കൂട്ടറാണ് ഇത്തരത്തിൽ തിരികെ ലഭിച്ചത്. ഈ മാസം ഒന്നാം തീയതി വൈകിട്ട് ചന്ദ്രാപുരം പതിനാലാം കല്ലിനു സമീപത്തെ ഹോട്ടലിനു മുന്നിൽ നിന്നാണ് സ്കൂട്ടർ കാണാതായത്.
ഭക്ഷണം വാങ്ങി തിരികെയെത്തിയ ഉദയകുമാർ വാഹനം നഷ്ടപ്പെട്ട വിവരം ഉടൻ തന്നെ പോലീസിനെ അറിയിച്ചിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികൾ സ്കൂട്ടർ ഉടമയുടെ വീട്ടുപടിക്കൽ കൊണ്ടിട്ടത്.
വാഹനം തിരികെ ലഭിച്ചെങ്കിലും അതിനുള്ളിലുണ്ടായിരുന്ന സാധനങ്ങൾ നഷ്ടമായിട്ടുണ്ട്. ഡിക്കിയിൽ സൂക്ഷിച്ചിരുന്ന 15,000 രൂപ, ടൈൽസ് കട്ടിങ് മെഷീൻ, അളവു ടേപ്പ് എന്നിവ മോഷ്ടാക്കൾ കവർന്നു.
വാഹനം കിട്ടിയ സാഹചര്യത്തിൽ പരാതിയില്ലെന്ന് ഉടമ അറിയിച്ചെങ്കിലും, കേസെടുത്ത നിലയ്ക്ക് പ്രതികളെ പിടികൂടാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് വാളയാർ പോലീസിന്റെ തീരുമാനം.
Thieves drown after returning scooter

































