(moviemax.in) മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ 'ദൃശ്യം' മൂന്നാം ഭാഗത്തിലൂടെ വീണ്ടും ബോക്സ് ഓഫീസ് ചരിത്രം തിരുത്താൻ ഒരുങ്ങുന്നു. ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ദൃശ്യം 3-യുടെ ട്രെയിലർ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ന് ചിത്രം തിയറ്ററുകളിൽ എത്തുമ്പോൾ, റിലീസിന് മുൻപേ വൻ തുക അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ദൃശ്യം 3-യുടെ വേൾഡ് പ്രീ സെയിൽ കളക്ഷൻ മാത്രം 10 കോടി രൂപ കവിഞ്ഞിട്ടുണ്ട്.
കുടുംബത്തെ സംരക്ഷിക്കാൻ ജോർജുകുട്ടി നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങൾ ഇത്തവണയും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ജോർജുകുട്ടിയും കുടുംബവും ഇത്തവണ പോലീസ് പിടിയിലാകുമോ അതോ വീണ്ടും രക്ഷപെടുമോ എന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ.
മീന, അൻസിബ, എസ്തർ, ആശാ ശരത് തുടങ്ങിയ മുൻ ഭാഗങ്ങളിലെ താരനിരയെല്ലാം മൂന്നാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഏപ്രിലിൽ നടക്കേണ്ടിയിരുന്ന റിലീസ് മെയ് മാസത്തേക്ക് മാറ്റുകയായിരുന്നു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്.
ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ആഗോള വിപണിയിൽ ദൃശ്യം 3-ക്ക് ലഭിക്കുന്ന വൻ സ്വീകാര്യത മലയാള സിനിമയിലെ പുതിയ കളക്ഷൻ റെക്കോർഡുകൾക്ക് വഴിമാറുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.
Scene 3: Hanging records before the lease-new

































