തൃശൂർ: (https://truevisionnews.com/) ഒല്ലൂർ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ഒല്ലൂരിൽ മന്ത്രി കെ. രാജനെ കോൺഗ്രസ് നേതാക്കൾ ഷാൾ അണിയിച്ച് സ്വീകരിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്
പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിന്നു വർഗീസും വൈസ് പ്രസിഡന്റ് ചാക്കോച്ചനുമാണ് ചുവന്ന ഷാൾ അണിയിച്ചു സ്വീകരിച്ചത്. സംഭവത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് യുഡിഎഫ് സ്ഥാനാർഥി ഷാജി കോടങ്കണ്ടത്. തന്റെ പ്രചാരണത്തിന് ഡിസിസിയിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നാണ് സ്ഥാനാർഥിയുടെ ആക്ഷേപം.
കഴിഞ്ഞദിവസം കോൺഗ്രസ് ഭരിക്കുന്ന പാണഞ്ചേരി പഞ്ചായത്തിൽ കെ. രാജൻ എത്തിയപ്പോഴാണ് നേതാക്കൾ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചത്. നേതാക്കൾ പരസ്യമായി എതിർ സ്ഥാനാർഥിയെ സന്തോഷപൂർവ്വം സ്വീകരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
കോൺഗ്രസ് ഭരിക്കുന്ന പാണഞ്ചേരിയിൽ 1500 വോട്ടിന്റെ ലീഡാണ് പ്രതീക്ഷിച്ചത്. പക്ഷേ 1040 വോട്ടിന് യുഡിഎഫ് പിറകിലായി. പുത്തൂർ പഞ്ചായത്തിൽ 2500 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചില്ലെങ്കിലും 2000 വോട്ടിന് പുറകിലായി. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉൾപ്പെടെ ആരും പ്രചാരണത്തിൽ സഹകരിച്ചില്ല എന്ന ആക്ഷേപവും ഷാജിക്കുണ്ട്.
മുതിർന്ന നേതാക്കളെ പ്രചാരണത്തിന് എത്തിക്കാൻ കഴിഞ്ഞില്ല. ഇക്കാര്യത്തിൽ വേണ്ട പിന്തുണ ഡിസിസിയിൽ നിന്നും ഉണ്ടായില്ല. മന്ത്രിസഭാ രൂപീകരണത്തിന് ശേഷം ഒല്ലൂരിലെ തോൽവിയെ കുറിച്ച് വിശദമായ പരാതി നൽകാനാണ് സ്ഥാനാർഥിയുടെ തീരുമാനം.
Congress leaders received K. Rajan wearing a red shawl; Shaji goes to Kodankadam to file a complaint

































