സുൽത്താൻ ബത്തേരി: (nadapuram.truevisionnews.com) കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ വൈദ്യുത പോസ്റ്റിലിടിച്ച് കൈ അറ്റുപോയ യുവാവിന് പലിശയടക്കം ഒന്നരക്കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ വയനാട് എംഎസിടി കോടതി ഉത്തരവിട്ടു.
അമ്പലവയൽ സ്വദേശി മുഹമ്മദ് അസ്‌ലമിനാണ് (19) കോടതിവിധിയിലൂടെ നീതി ലഭിച്ചത്. 1,40,34,550 രൂപയും ഇതിന്റെ എട്ട് ശതമാനം പലിശയും കോടതിച്ചെലവുമാണ് കെഎസ്ആർടിസി നൽകേണ്ടത്.
2023 ജനുവരി 17-നായിരുന്നു അസ്‌ലമിന്റെ ജീവിതം മാറ്റിമറിച്ച ദാരുണമായ അപകടം നടന്നത്. അമ്പലവയലിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് കെഎസ്ആർടിസി ബസിന്റെ ഇടത് ഭാഗത്തെ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു അസ്‌ലം.
ബസ് മംഗലംകാപ്പ് എന്ന സ്ഥലത്തെത്തിയപ്പോൾ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ അസ്‌ലമിന്റെ ഇടതുകൈ ഉരസുകയും കൈമുട്ടിന് മുകളിൽ വെച്ച് അറ്റുപോവുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അറ്റുപോയ കൈ തുന്നിച്ചേർക്കാൻ സാധിച്ചില്ല.
എഞ്ചിനീയറിങ് കോളേജിൽ ഫാർമസി വിദ്യാർത്ഥിയായിരുന്ന അസ്‌ലമിനുണ്ടായ മാനസികാഘാതവും പ്രായവും തുടർപഠനവും പരിഗണിച്ചാണ് ജഡ്ജി എ.വി. ഉണ്ണികൃഷ്ണൻ ഈ വിധി പ്രഖ്യാപിച്ചത്.
അപകടം നടന്ന ബസിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരുന്നതിനാൽ നഷ്ടപരിഹാരത്തുക കെഎസ്ആർടിസി നേരിട്ട് നൽകേണ്ടി വരും. അസ്‌ലമിന് വേണ്ടി അഭിഭാഷകൻ ടി.ആർ. ബാലകൃഷ്ണനാണ് കോടതിയിൽ ഹാജരായത്.
19-year-old gets Rs. 1.5 crore compensation

































