---
title: "17 ദിവസത്തെ ഷൂട്ട്, ട്വിസ്റ്റുകൾ നിറഞ്ഞ ക്ലൈമാക്സ്? ദൃശ്യം 3 രഹസ്യങ്ങൾ പങ്കുവെച്ച് അജിത്ത്"
english_title: "17 days of shoot, climax full of twists? Ajith shares secrets of Drishyam 3"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356217/17-days-of-shoot-climax-full-of-twists-ajith-shares-secrets-of-drishyam-3"
published_at: "2026-04-29T17:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1ef0e70ad2_Ajith_shares_secrets_of_Drishyam_3.jpg"
keywords: []
---

# 17 ദിവസത്തെ ഷൂട്ട്, ട്വിസ്റ്റുകൾ നിറഞ്ഞ ക്ലൈമാക്സ്? ദൃശ്യം 3 രഹസ്യങ്ങൾ പങ്കുവെച്ച് അജിത്ത്

> **Lead Summary:** ദൃശ്യം രണ്ടാം ഭാഗത്തിലെ ശ്രദ്ധേയമായ വേഷത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് അജിത്ത് കൂത്താട്ടുകുളം. ഇപ്പോൾ എവിടെ വെച്ച് കണ്ടാലും ആരാധകർക്ക് അജിത്തിനോട് ചോദിക്കാനുള്ളത് 'ദൃശ്യം 3'-നെ കുറിച്ചാണ്.

## Article Content

ദൃശ്യം രണ്ടാം ഭാഗത്തിലെ ശ്രദ്ധേയമായ വേഷത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് അജിത്ത് കൂത്താട്ടുകുളം. ഇപ്പോൾ എവിടെ വെച്ച് കണ്ടാലും ആരാധകർക്ക് അജിത്തിനോട് ചോദിക്കാനുള്ളത് 'ദൃശ്യം 3'-നെ കുറിച്ചാണ്.

ചിത്രത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നതിന് പരിമിതികൾ ഉണ്ടെങ്കിലും, ദൃശ്യം മൂന്നാം ഭാഗത്തിലും താൻ അഭിനയിക്കുന്നുണ്ടെന്ന കാര്യം താരം ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്. യൂട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലാണ് ആരാധകർ ഏറെ കാത്തിരിക്കുന്ന തന്റെ സാന്നിധ്യം അജിത്ത് ഉറപ്പിച്ചത്.

ദൃശ്യം 3 ല്‍ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് അത് താന്‍ പറയില്ലെന്നാണ് അദ്ദേഹം പറഞ്ഞതെങ്കിലും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ അജിത്ത് ചിത്രത്തിലെ തന്‍റെ സാന്നിധ്യം വ്യക്തമാക്കി. 17 ദിവസത്തെ ചിത്രീകരണമാണ് ദൃശ്യം 3 ല്‍ അജിത്തിന് ഉണ്ടായിരുന്നത്. ദൃശ്യം 2 ല്‍ താന്‍ അഭിനയിച്ചത് 21 ദിവസം ആയിരുന്നെന്നും അജിത്ത് പറഞ്ഞു. ട്വിസ്റ്റുള്ള ക്ലൈമാക്സ് ആയിരിക്കുമോ ചിത്രത്തിന്‍റേത് എന്ന ചോദ്യത്തിന് ചിത്രത്തിന്‍റെ കഥ തന്നെ മുഴുവനായി തനിക്ക് അറിയില്ലെന്നും തന്‍റെ സീന്‍ മാത്രമാണ് മനസിലായതെന്നും അജിത്ത്. അതേസമയം ചിത്രത്തിന്‍റെ ടീസര്‍ ഇന്ന് പുറത്തെത്തും.

മലയാളത്തിലെ അപ്കമിം​ഗ് റിലീസുകളില്‍ മറുഭാഷാ പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ആദ്യ രണ്ട് ഭാ​ഗങ്ങള്‍ റീമേക്കുകളിലൂടെ മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ നേടിയ വമ്പന്‍ റീച്ച് ആണ് ഇതിന് കാരണം. കൊവിഡ് കാലത്ത് ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ദൃശ്യം 2 മലയാളം ഒറിജിനല്‍ തന്നെ മലയാളികള്‍ക്ക് പുറത്ത് വലിയ റീച്ച് നേടിയിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ദൃശ്യം.

> അതേസമയം പ്രതീക്ഷകളൊന്നുമില്ലാതെ ചിത്രം കാണാന്‍ വരണമെന്ന് ജീത്തു ജോസഫ് പ്രേക്ഷകരോട് പറഞ്ഞിരുന്നു. “ഒരു പ്രതീക്ഷയും ഇല്ലാതെ വരിക. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളില്‍ക്കൂടിയാണ് അതില്‍ യാത്ര ചെയ്യുന്നത്. അങ്ങനത്തെ ഒരു സിനിമയാണ്. അതുകൊണ്ട് നിങ്ങള്‍ ഒരു ഭയങ്കര ജഗപൊഗ സിനിമ പ്രതീക്ഷിച്ചുവന്നാല്‍ നിരാശയായിരിക്കും. പക്ഷേ അതൊരു നല്ല സിനിമ ആണെന്നുള്ള കോണ്‍ഫിഡന്‍സ് എനിക്കുണ്ട്, നേരത്തെ ഒരു അഭിമുഖത്തില്‍ ജീത്തു പറ‍ഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/356217/17-days-of-shoot-climax-full-of-twists-ajith-shares-secrets-of-drishyam-3)