തൃശൂർ: (truevisionnews.com) കുടുംബകലഹത്തെത്തുടർന്ന് തൃശൂർ ആനക്കല്ലിൽ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ചു കൊന്നു. അവണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോകാൻ ശ്രമിച്ച ഭർത്താവ് ശിവപ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ തൃശൂരിലെ ഭർതൃവീട്ടിലാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്.
രാവിലെ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ദമ്പതികൾക്കിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. മുറിക്കുള്ളിൽ വെച്ച് ശിവപ്രസാദ് ഉണ്ണിമായയെ കഴുത്തുഞെരിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന ശിവപ്രസാദിന്റെ മാതാവിന്റെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തി ഉണ്ണിമായയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൃത്യത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശിവപ്രസാദിനെ അയ്യന്തോളിൽ വെച്ചാണ് പോലീസ് പിടികൂടിയത്.
ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും മറ്റു കാരണങ്ങൾ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
Avanissery native strangled to death

































