കണ്ണൂർ : ( https://truevisionnews.com/) ചെറുപുഴ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഓവർസീയറായി ജോലി ചെയ്യുന്ന ഹെലൻ (31) ആണു പൊള്ളലേറ്റത്. പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കഴിഞ്ഞ ശനിയാഴ്ച കുണ്ടം തടത്തിലെ കാഞ്ഞിരത്താംകുന്നേൽ ബെന്നി ഫിലിപ്പ് (50) സൂര്യാതപമേറ്റിരുന്നു.
സംസ്ഥാനത്ത് താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി വരെ ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഇഴ ജന്തുക്കളിൽ നിന്നും സൂര്യാതപത്തിൽ നിന്നും രക്ഷനേടാനുള്ള മുൻകരുതലുകൾ യഥാക്രമം സ്വീകരിക്കാനും മുന്നറിയിപ്പുണ്ട്.
കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും താപനില ഉയർന്നേക്കാമെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയാണ് താപനില പ്രതീക്ഷിക്കുന്നത്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് നിലവിൽ മുന്നറിയിപ്പുള്ളത്.
കടുത്ത ചൂടിനെ അതിജീവിക്കാൻ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കാനും അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാനും നിർദേശമുണ്ട്. അതേസമയം, സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി ഇന്ന് മുതൽ വേനൽ മഴയെത്തും. 29 ആം തീയതി നാല് ജില്ലകളിലും 30ആം തീയതി രണ്ട് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Panchayat employee suffers heatstroke in Cherupuzha, Kannur

































