കണ്ണൂര്‍: (https://truevisionnews.com/) കണ്ണൂർ പേരാവൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ വാർത്തയുടെ ആഘാതത്തിൽ നിന്നും നാട് ഇനിയും മുക്തമായിട്ടില്ല. വെള്ളിയാഴ്ചയാണ് കേരളത്തെയാകെ നടുക്കിയ ഈ അതിക്രൂര സംഭവം നടന്നത്. അയോത്തുംചാൽ സ്വദേശിനി ഗീത(50)മ്മയാണ് മകൻ ക്രിസ്റ്റി(25)യുടെ കൈകളാൽ കൊല്ലപ്പെട്ടത്.
അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ക്രിസ്റ്റി വിളിച്ചത് കോഴിക്കോട്ടുള്ള സഹോദരിയാണ് . സഹോദരി പറഞ്ഞതനുസരിച്ച് വീട്ടിലെത്തിയ ബന്ധുക്കളാണ് ഗീതമ്മ രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. മണത്തണയ്ക്ക് സമീപം അയോത്തുംചാലില്‍ നിര്‍മിക്കുന്ന റിസോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പിതാവ് തങ്കച്ചന്‍ പുറത്തായിരുന്നു. തങ്കച്ചന്‍ തിരിച്ചുവരുന്നതിനായി ക്രിസ്റ്റി കാത്തിരുന്നെന്നാണ് സൂചന.
ഗീതമ്മയും ക്രിസ്റ്റിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ കിടപ്പുമുറിയില്‍വെച്ച് ക്രിസ്റ്റി ഗീതയെ ആക്രമിക്കുകയായിരുന്നു. ക്രിസ്റ്റി ഗീതമ്മയെ കൊലപ്പെടുത്തുന്ന സമയത്ത് തങ്കച്ചന്റെ മാതാവ് ഏലിക്കുട്ടിയും വീട്ടിലുണ്ടായിരുന്നു. തൊണ്ണൂറ് വയസ്സ് പ്രായമുള്ള ഏലിക്കുട്ടിയെ അവരുടെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണു ഗീതമ്മയുമായി വഴക്കുണ്ടാക്കിയത്. സംഭവമറിഞ്ഞ ക്രിസ്റ്റിയുടെ പിതാവ് തങ്കച്ചന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ബന്ധുവീട്ടിലേക്ക് മാറ്റി.
അമ്മ ഗീതമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് ക്രിസ്റ്റി സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്.
കൊലയ്ക്കുശേഷം വീട്ടില്‍ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തുകയും അയാളുടെ സ്‌കൂട്ടറില്‍ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. പൊലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തില്‍ പേരാവൂര്‍ ഡിവൈഎസ്പി ചന്ദ്രമോഹന്‍, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ബെംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ നിർത്തി നാട്ടിലെത്തിയതാണ്. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Murder in kannur peravoor more updates

































