---
title: "നിറങ്ങളുടെ ലോകത്തെ കഥ പറയുന്നു; ജിൻ്റോ തോമസിൻ്റെ 'ഇരുനിറം' മനോരമ മാക്സിൽ റിലീസ് ചെയ്തു"
english_title: "Jintro Thomas Iruniram released on Manorama Max"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355427/jintro-thomas-iruniram-released-on-manorama-max"
published_at: "2026-04-25T19:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eccaf60d04d_iruniram.jpg"
keywords: []
---

# നിറങ്ങളുടെ ലോകത്തെ കഥ പറയുന്നു; ജിൻ്റോ തോമസിൻ്റെ 'ഇരുനിറം' മനോരമ മാക്സിൽ റിലീസ് ചെയ്തു

> **Lead Summary:** **നി**റത്തിനും ജാതിക്കുമപ്പുറം മനുഷ്യനെ മനുഷ്യനായിത്തന്നെ തിരിച്ചറിയണമെന്ന വലിയ സത്യം വിളിച്ചുപറയുന്ന ചലച്ചിത്രം 'ഇരുനിറം' ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്സിൽ റിലീസ് ചെയ്തു. ചക്കിട്ടപാറ സ്വദേശിയും 'കാടകലം' എന്ന സിനിമയുടെ തിരക്കഥാകൃത്തുമായ ജിന്റോ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം, സമകാലിക സാമൂഹിക സാഹചര്യത്തിൽ ഏറെ പ്രസക്തമായ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

## Article Content

**നി**റത്തിനും ജാതിക്കുമപ്പുറം മനുഷ്യനെ മനുഷ്യനായിത്തന്നെ തിരിച്ചറിയണമെന്ന വലിയ സത്യം വിളിച്ചുപറയുന്ന ചലച്ചിത്രം 'ഇരുനിറം' ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്സിൽ റിലീസ് ചെയ്തു. ചക്കിട്ടപാറ സ്വദേശിയും 'കാടകലം' എന്ന സിനിമയുടെ തിരക്കഥാകൃത്തുമായ ജിന്റോ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം, സമകാലിക സാമൂഹിക സാഹചര്യത്തിൽ ഏറെ പ്രസക്തമായ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

**സിനിമയുടെ ഇതിവൃത്തം**

ലോകത്തിലെ ഏറ്റവും നല്ല നിറം തേടിയിറങ്ങുന്ന അമ്പിളി എന്ന ഏഴാം ക്ലാസുകാരിയുടെ കഥയാണ് ചിത്രം പറയുന്നത്. പൊതുസമൂഹത്തിൽ നിലനിൽക്കുന്ന കറുപ്പും വെളുപ്പുമെന്ന വർണ്ണവിവേചനവും, അത് ഒരു ബാല്യത്തിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷങ്ങളും ചിത്രം ആഴത്തിൽ പരിശോധിക്കുന്നു. അമ്പിളിയിലൂടെ ലോകത്തെ നോക്കിക്കാണുന്ന ഒരുപറ്റം കുട്ടികളുടെ കഥ കൂടിയാണ് 'ഇരുനിറം'.

**​അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ വിജയം**

​മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ ഒട്ടനവധി നേട്ടങ്ങൾ ഇതിനകം 'ഇരുനിറം' സ്വന്തമാക്കിയിട്ടുണ്ട്. വിയറ്റ്നാം, കൊറിയ തുടങ്ങിയ വിദേശരാജ്യങ്ങളിലെ ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിക്കുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

​കൂടാതെ, ജെസ്സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ്, സത്യജിത്ത് റായി ഫിലിം സൊസൈറ്റി അവാർഡ്, പുലരി ടിവി ഇന്റർനാഷണൽ ഫിലിം അവാർഡ് തുടങ്ങിയ അംഗീകാരങ്ങളും ചിത്രത്തെ തേടിയെത്തി. ഈ വർഷത്തെ സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ജിന്റോ തോമസ് കരസ്ഥമാക്കുകയും ചെയ്തു.

**​പ്രധാന വേഷത്തിൽ തന്മയ സോളും**

​രജനീകാന്ത് ചിത്രം 'വേട്ടയാനി'ലൂടെ ദേശീയ ശ്രദ്ധ നേടിയ തന്മയ സോളാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. തന്മയയുടെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

> ​"ഇപ്പോഴും ജാതി, നിറം ചിന്തകളുമായി ജീവിക്കുന്നവരോടാണ് ഈ സിനിമ സംസാരിക്കുന്നത്. വെളുപ്പും കറുപ്പുമെന്നു വേർതിരിക്കുന്ന ഒരു മതിൽ ഇപ്പോഴും ഇവിടെയുണ്ട്. അതിനു ഉത്തമ ഉദാഹരണമാണ് ഈ അടുത്ത് കേരളത്തിൽ നടന്ന ഒരു വിദ്യാർത്ഥി ആത്മഹത്യ ആ മതിലാണു നമ്മൾ തകർക്കാൻ ശ്രമിക്കുന്നത്," സംവിധായകൻ ജിന്റോ തോമസ് വ്യക്തമാക്കി.

​സമൂഹത്തിന്റെ മുൻവിധികളെ തിരുത്താൻ ആഗ്രഹിക്കുന്ന ഓരോരുത്തരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് 'ഇരുനിറം'. ചിത്രം ഇപ്പോൾ മനോരമ മാക്സിൽ ലഭ്യമാണ്.

**https://www.manoramamax.com/movies/detail/10000127/iruniram**

### Related Links & Sources
- [Original Story Source](https://moviemax.in/news/355427/jintro-thomas-iruniram-released-on-manorama-max)