പാലക്കാട്: (https://truevisionnews.com/) സംസ്ഥാനത്ത് വേനൽച്ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ, ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി കെഎസ്ഇബിയുടെ അപ്രഖ്യാപിത പവർകട്ട്. സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രിയും അധികൃതരും ആവർത്തിക്കുമ്പോഴും, പീക്ക് സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ടെന്ന് സമ്മതിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ. പാലക്കാട് നെന്മാറ കെഎസ്ഇബി ഓഫീസിലെ ഉദ്യോഗസ്ഥരാണ് ഒരു ദിവസം രണ്ട് തവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശമുണ്ടെന്ന് വെളിപ്പെടുത്തിയത്.
അർധരാത്രിയിൽ തുടർച്ചയായി വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകർ നെന്മാറ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിനിടയാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായത്. ഇന്നലെ രാത്രി 12:30-ഓടെ വൈദ്യുതി മുടങ്ങിയതോടെയാണ് പ്രതിഷേധക്കാർ ഓഫീസിലെത്തിയത്.
ആദ്യം നിയന്ത്രണത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥർ പിന്നീട് പ്രതിഷേധം ശക്തമായതോടെ ലോഡ് ഷെഡിങ് ഉണ്ടെന്നും അത് നടപ്പിലാക്കാൻ തങ്ങൾക്ക് നിർദ്ദേശമുണ്ടെന്നും സമ്മതിക്കുകയായിരുന്നു.
നിലവിൽ സംസ്ഥാനത്ത് 200 മെഗാവാട്ടിന്റെ വൈദ്യുതി കുറവുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പവർ പോർട്ടലുകളിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാകാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. രാത്രി 10 മണി മുതൽ പുലർച്ചെ വരെയുള്ള സമയങ്ങളിലാണ് കൂടുതലായും അപ്രഖ്യാപിത പവർ കട്ട് അനുഭവപ്പെടുന്നത്. കൊടുംചൂടിൽ രാത്രികാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് സാധാരണക്കാരായ ജനങ്ങളെ വലിയ തോതിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്.
KSEB officials say that KSEB's unannounced power cut is being implemented, electricity restrictions are being imposed

































