അരൂർ സത്യൻ: മറവിയിലേക്ക് മാഞ്ഞുപോകാത്ത വില്ലൻ രൂപം; കനത്ത മീശയും കരുത്തുറ്റ അഭിനയവും

അരൂർ സത്യൻ: മറവിയിലേക്ക് മാഞ്ഞുപോകാത്ത വില്ലൻ രൂപം; കനത്ത മീശയും കരുത്തുറ്റ അഭിനയവും
Apr 5, 2026 04:31 PM | By Fidha Parvin

(moviemax.in) മലയാള സിനിമയുടെ പഴയകാല ഫ്രെയിമുകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ, ഉരുണ്ടുതടിച്ച ശരീരവും തീക്ഷ്ണമായ കണ്ണുകളും കനത്ത മീശയുമായി പേടിപ്പെടുത്തുന്ന ഒരു രൂപം നമ്മുടെ ഓർമ്മയിൽ തെളിയും. അതാണ് വെള്ളിത്തിരയിലെ കരുത്തുറ്റ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അരൂർ സത്യൻ.

ആലപ്പുഴയിലെ പ്രമുഖ കള്ളുഷാപ്പ് കോൺട്രാക്ടറുടെ മകനായി അരൂർ പനയ്ക്കൽ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കുട്ടിക്കാലം മുതൽക്കേ അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു സത്യന്. സ്കൂൾ പഠനകാലത്ത് നാടകങ്ങളിലും പ്രസംഗ മത്സരങ്ങളിലും സജീവമായിരുന്ന അദ്ദേഹം നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കൊല്ലം ശ്രീനാരായണ കോളേജിലെ പഠനകാലത്ത് മാവേലിക്കര അച്ചുതന്റെ 'ഇരുട്ടിലൊരു നക്ഷത്രം' എന്ന നാടകത്തിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം തന്റെ അഭിനയ പ്രതിഭ തെളിയിച്ചത്.

കോളജ് വിദ്യാഭ്യാസം പൂർത്തിയാകുന്നതിനു മുൻപുതന്നെ വിവാഹിതനായ സത്യൻ, ഭാര്യയുടെ അകമഴിഞ്ഞ പ്രോത്സാഹനംകൊണ്ട് ബിസിനസ്സിനൊപ്പം കലാപ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ചെമ്മീൻ വിദേശത്തേക്ക് കയറ്റി അയക്കുന്ന സാമ്പോ ഫ്രോസൺ സീ ഫുഡ്സ് എന്നൊരു സ്ഥാപനം നടത്തുകയായിരുന്നു സത്യൻ.

അഭിനയഭ്രമം കലശലായപ്പോൾ സത്യൻ ഉദയാ സ്റ്റുഡിയോവിൽ ചെന്ന് കുഞ്ചാക്കോയെ കണ്ടു. അങ്ങനെ 1972ൽ ‘ആരോമലുണ്ണി’യിൽ ഒരു ചെറിയ വേഷമവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്കു വന്നു. വിജയശ്രീയുടെ സ്വയംവരത്തിനെത്തുന്ന ഒരു രാജാവിന്റെ വേഷമായിരുന്നു അതിൽ. തുടർന്ന് ഉദയായുടെ ‘ഒരു സുന്ദരിയുടെ കഥ’യിലും ‘പൊന്നാപുരം കോട്ട’യിലും ചെറുവേഷങ്ങൾ ലഭിച്ചു.

‘ഏണിപ്പടികളിൽ’, ജ്യോതിർമയീദേവിയുടെ ഗുരുവായി തല മുണ്ഡനം ചെയ്ത് ഭജന പാടുന്ന യോഗിയായി വേഷമിട്ടതും ‘ചുഴി’യിൽ അക്കൗണ്ടന്റ് രാമസ്വാമി അയ്യരായി വന്നതും ‘പാവങ്ങൾ പെണ്ണുങ്ങളി’ൽ റൗഡി മൂപ്പനായതും ശ്രദ്ധിക്കപ്പെട്ടു. ‘ക്രിമിനൽസ്’, ‘ചീനവല’, ‘മല്ലനും മാതേവനും’, ‘യക്ഷഗാനം’, ‘ശ്രീമുരുകൻ’, ‘കണ്ണപ്പനുണ്ണി’, ‘വേഴാമ്പൽ’, ‘പുതിയ വെളിച്ചം’, ‘സഞ്ചാരി’, ‘അമ്പലവിളക്ക്’, ‘പാലാട്ട് കുഞ്ഞിക്കണ്ണൻ’, ‘തീക്കളി’, ‘മർമ്മരം’, ‘ഇതും ഒരു ജീവിതം’, ‘രതിലയം’, ‘വനിതാ പൊലീസ്’, ‘എതിർപ്പുകൾ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അരൂർ സത്യൻ അഭിനയിച്ചു. എങ്കിലും ശ്രദ്ധിക്കപ്പെടുന്നൊരു വേഷം ചെയ്യാനോ ഏറെയൊന്നും അറിയപ്പെടാനോ ഈ നടന് കഴിഞ്ഞില്ല.

1985 മാർച്ച് 24 ഞായർ രാത്രി പത്ത് മണിയോടെ ആലപ്പുഴ നിന്നും അരൂരിലേയ്ക്ക് പോകവെ സത്യന്റെ കാർ അപകടത്തിൽപ്പെട്ടു. സ്വയം കാറോടിച്ചു പോകവെ, ചന്തിരൂരിൽ നിർത്തിയിട്ടിരുന്ന ഒരു ലോറിയുടെ പിന്നിൽ ചെന്നിടിച്ച് അപകടമുണ്ടാവുകയായിരുന്നു. ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും വെളുപ്പിനെ മൂന്നു മണിയോടു കൂടി അന്ത്യം സംഭവിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന് 39 വയസ്സായിരുന്നു പ്രായം.

നവോദയ നിർമിച്ച ഭാരതത്തിലെ പ്രഥമ ത്രീഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തനി’ലാണ് അദ്ദേഹം ഏറ്റവും ഒടുവിൽ അഭിനയിച്ചത്. നാല്പതോളം മലയാള ചിത്രങ്ങൾക്കു പുറമേ ഏതാനും തമിഴ്-തെലുങ്ക്- കന്നട ചിത്രങ്ങളിലും ഈ നടൻ അഭിനയിച്ചിട്ടുണ്ട്. വലിയ താരമല്ലാത്തതു കൊണ്ടാവണം, അന്നത്തെ പ്രമുഖ പത്രങ്ങളിലൊന്നും ഈ അപകടത്തിനോ മരണത്തിനോ വലിയ പ്രാധാന്യം നല്കിയിട്ടുള്ളതായി കാണുന്നില്ല. അദ്ദേഹത്തിന് രണ്ടു മക്കളാണുള്ളത്. അതിലൊരാൾ (സനൽ സത്യൻ) 49-ാം വയസ്സിൽ മരിച്ചതായി 2022 ഡിസംബറർ 21ന് വാർത്ത വന്നിരുന്നു.





Content Highlight: Aroor Sathyan: A villainous look that never fades into oblivion; Heavy mustache and strong acting

Next TV

Related Stories
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup