കോഴിക്കോട്: ( www.truevisionnews.com ) തീവണ്ടിയാത്രയ്ക്കിടെ കല്ലേറിൽ വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ഊർജിതം. സി.സി.ടി.വി. ക്യാമറകൾ, മൊബൈൽ ഫോൺ ടവറുകൾ എന്നിവ കേന്ദ്രീകരിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, റെയിൽവേ പോലീസ് എന്നീ വിഭാഗങ്ങൾ അന്വേഷണം തുടരുകയാണ്.
ഗുരുതരപരിക്കേറ്റ പുറമേരി എരഞ്ഞോളി താഴെകുനി ഐശ്വര്യ രാമകൃഷ്ണന്റെ ശസ്ത്രക്രിയ പൂർത്തിയായി. ഇളകിയ മൂന്നുപല്ലുകൾ നീക്കംചെയ്തു. രണ്ടുപല്ലുകൾ കല്ലേറിനെത്തുടർന്ന് സംഭവദിവസം ഇളകിപ്പോയിരുന്നു. ആറുപല്ലുകൾക്ക് ഇളക്കംതട്ടിയിട്ടുണ്ട്. ശസ്ത്രക്രിയക്കുശേഷം ഐശ്വര്യ സുഖംപ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഒരുമാസം ദ്രവാവസ്ഥയിലുള്ള ഭക്ഷണംമാത്രമേ കഴിക്കാൻസാധിക്കൂ. ആലുവയിൽനിന്ന് കോഴിക്കോട് വടകരയിലെ വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ഐശ്വര്യ. തിങ്കളാഴ്ച രാത്രി ഒൻപതരയോടെ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിനുനേരേയുണ്ടായ കല്ലേറിലാണ് പരിക്കേറ്റത്.
ആർ.പി.എഫ്., റെയിൽവേ പോലീസ്, ലോക്കൽ പോലീസ് എന്നിവയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. തീവണ്ടിയാത്രക്കാരെ അപകടപ്പെടുത്തുന്നവിധത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ ബുധനാഴ്ച ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു.
ഇതുപ്രകാരം റെയിൽ ആക്ടിലെ 152-ാം വകുപ്പുപ്രകാരം കേസെടുക്കും. ഇത്തരത്തിലുള്ള കേസിൽ ജാമ്യം ലഭിക്കില്ല. മാത്രമല്ല, 10 വർഷം വരെ തടവോ തടവും പിഴയും കൂടിയോ അതല്ലെങ്കിൽ ജീവപര്യന്തംവരെ തടവോ ലഭിക്കാവുന്ന കുറ്റമാണിത്. കോഴിക്കോടിനും പാലക്കാടിനുമിടയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും കഴിഞ്ഞവർഷംമാത്രം 39 കേസുകളുണ്ടായിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ടോൾഫ്രീ ഹെൽപ് ലൈൻ നമ്പറായ '139'-ൽ അറിയിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
kozhikode train stone pelting investigation
































.jpeg)
