(truevisionnews.com) നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെ നാലുലക്ഷത്തോളം പേരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കും. വൈകിട്ട് 4.30-നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. നരേന്ദ്രമോദി ആപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം നേരിട്ട് മറുപടി നൽകും.
യുവാക്കള്‍, വനിതകള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗവിഭാഗത്തില്‍ നിന്നുള്ളവര്‍, കര്‍ഷകര്‍, വിദ്യാർഥികൾ എന്നിവരാണ് പ്രധാനമന്ത്രിയുമായി സംവദിക്കുന്നത്. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ശ്രീപദ്മനാഭന്‍ പരിഭാഷകനായി ഡല്‍ഹിയില്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. വികസിത കേരളത്തിനായുള്ള ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണിതെന്നും എല്ലാവരും പരിപാടിയില്‍ പങ്കുചേരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസമെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ നാലിന് തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിലും വീണ്ടും പ്രചാരണത്തിനെത്തുന്നു. ഇതിനിടെയാണ് നവമാധ്യമ മേഖലയിലെ പുതിയ തരംഗമായ ഓഡിയോ ബ്രിഡ്ജിലൂടെ നാലുലക്ഷത്തോളം പേരുമായി പ്രധാനമന്ത്രി സംവദിക്കുന്നത്.
Prime Minister to interact with 4 lakh people in Kerala today through audio bridge
































