---
title: "'വികസന തുടർച്ചയ്ക്കായി വോട്ട് ചെയ്യണം'; എൽഡിഎഫ് സ്ഥാനാർഥികളായ കെ വി സുമേഷിനും, പി കെ ശ്യാമളയ്ക്കും വോട്ടഭ്യർത്ഥിച്ച് നിഖില വിമൽ "
english_title: "Nikhila Vimal appeals for votes for LDF candidates KV Sumesh and PK Shyamala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351036/nikhila-vimal-appeals-for-votes-for-ldf-candidates-kv-sumesh-and-pk-shyamala"
published_at: "2026-04-02T07:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cdcfdb0f77a_nikila_vimal.jpg"
keywords: []
---

# 'വികസന തുടർച്ചയ്ക്കായി വോട്ട് ചെയ്യണം'; എൽഡിഎഫ് സ്ഥാനാർഥികളായ കെ വി സുമേഷിനും, പി കെ ശ്യാമളയ്ക്കും വോട്ടഭ്യർത്ഥിച്ച് നിഖില വിമൽ 

> **Lead Summary:** **അ**ഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി കെ വി സുമേഷിന് വോട്ട് അഭ്യർത്ഥിച്ച് സിനിമാ താരം നിഖില വിമൽ. അഴീക്കോട് കഴിഞ്ഞ തവണയും താൻ സുമേഷിനായി വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും ജയിക്കാൻ പ്രാർത്ഥിച്ചിരുന്നുവെന്നും നിഖില പറഞ്ഞു.

## Article Content

**അ**ഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി കെ വി സുമേഷിന് വോട്ട് അഭ്യർത്ഥിച്ച് സിനിമാ താരം നിഖില വിമൽ. അഴീക്കോട് കഴിഞ്ഞ തവണയും താൻ സുമേഷിനായി വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും ജയിക്കാൻ പ്രാർത്ഥിച്ചിരുന്നുവെന്നും നിഖില പറഞ്ഞു.

ഇത്തവണയും സുമേഷിനെ ജയിപ്പിക്കണമെന്ന് നിഖില ആവശ്യപ്പെട്ടു. കണ്ണൂരിലെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നിഖിലയുടെ വോട്ട് അഭ്യർത്ഥന. നേരത്തെ തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമളയ്ക്കായും നിഖില വോട്ടഭ്യർത്ഥന നടത്തി.

> "അഴീക്കോട് കഴിഞ്ഞ തവണ സുമേഷേട്ടൻ മത്സരിച്ചപ്പോൾ ഞാൻ റോഡ് ജാഥയിൽ പങ്കെടുത്തിട്ടുണ്ട്. എന്‍റെ ആദ്യത്തെ റോഡ് ജാഥയാണത്. ആ സമയത്ത് ഞാൻ എന്നും പ്രാർത്ഥിക്കുമായിരുന്നു സുമേഷേട്ടൻ ജയിക്കണേ ഇല്ലെങ്കിൽ നാണക്കേടാവുമല്ലോ എന്ന്. കഴിഞ്ഞ തവണത്തെ തുടർച്ചയായി ഇത്തവണയും സുമേഷേട്ടന് വോട്ട് ചെയ്യണമെന്ന് നിങ്ങളോട് വന്നു പറയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഇപ്രാവശ്യവും ജയിക്കണമെന്നാണ് എന്‍റെ പ്രാർത്ഥന.

ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കാലം തൊട്ട് സുമേഷേട്ടനെ അറിയാം. പല പരിപാടികളിലും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. തളിപ്പറമ്പിൽ താമസിക്കുന്ന എന്നെ സംബന്ധിച്ച് പുതിയ തെരുവിലെ ബ്ലോക്ക് ഒഴിവാക്കിത്തന്നത് ഏറെ ഉപകാരപ്പെട്ടു. എനിക്ക് മാത്രമല്ല ഒരുപാടു പേർക്ക് ഉപകാരപ്പെട്ടു. അതിന് സുമേഷേട്ടൻ വലിയ ശ്രമം നടത്തിയിട്ടുണ്ട്.

> കഴിഞ്ഞ 10 വർഷത്തിൽ നാട്ടിൽ ഒരുപാട് വികസനമുണ്ടായിട്ടുണ്ട്. നമുക്ക് അറിയാവുന്നവരാണ് അതിന് പിന്നിൽ എന്നത് അഭിമാനവും സന്തോഷവുമുള്ള കാര്യമാണ്. ഇത്തവണത്തെ ഇലക്ഷനും സുമേഷേട്ടൻ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു"- നിഖില പറഞ്ഞു.

പി കെ ശ്യാമളക്ക് വോട്ടഭ്യർഥിച്ച് നിഖില പറഞ്ഞത് ടീച്ചറുടെ രാഷ്ട്രീയ പാരമ്പര്യവും പ്രവർത്തന പാരമ്പര്യവും സ്നേ​ഹവും കരുതലുമെല്ലാം അനുഭവിച്ചറിയാൻ ഭാ​ഗ്യം ലഭിച്ചവളാണ് താനെന്നാണ്. ചെറുപ്പം മുതലേ പരിചയമുള്ള ആളാണ് ടീച്ചറെന്നും അതുകൊണ്ടാണ് ഇവിടെ വന്നതെന്നും നിഖില പറഞ്ഞു. കഴിഞ്ഞ 10 വർഷമായി നമ്മുടെ നാട്ടിലുണ്ടായ വികസനങ്ങൾ എന്താണെന്ന് ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞതാണ്.

താൻ ജോലി ചെയ്യുന്ന ഫീൽഡ് സിനിമയാണ്. കലാ സാംസ്കാരിക രം​ഗത്ത്, തളിപ്പറമ്പിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടന്നു. അതിന് ഉദാഹരണണാണ് ഹാപ്പിനസ് സ്ക്വയർ. ധർമശാലയിൽ ഒരു തിയറ്റർ കോംപ്ലക്സ് വരാൻ പോകുന്നു. അങ്ങനെ വികസനത്തിന്റെ തുടർച്ചയുണ്ടാകാൻ ശ്യാമള ടീച്ചർക്ക് വോട്ട് ചെയ്യണമെന്ന് നിഖില അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/351036/nikhila-vimal-appeals-for-votes-for-ldf-candidates-kv-sumesh-and-pk-shyamala)