---
title: "'കർമ ആരെയും വിടില്ല, രഞ്ജിത്ത് നല്ല മനുഷ്യനല്ല'; സംവിധായകന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി"
english_title: "Bengali actress reacts to Ranjith's arrest"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350931/bengali-actress-reacts-to-ranjiths-arrest"
published_at: "2026-04-01T12:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccc93228385_8.jpg"
keywords: []
---

# 'കർമ ആരെയും വിടില്ല, രഞ്ജിത്ത് നല്ല മനുഷ്യനല്ല'; സംവിധായകന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

> **Lead Summary:** **[ **യുവനടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ, കടുത്ത പ്രതികരണവുമായി മുമ്പ് അദ്ദേഹത്തിനെതിരെ നിയമപോരാട്ടം നടത്തിയ ബംഗാളി നടി രംഗത്തെത്തി.

## Article Content

**[ **യുവനടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ, കടുത്ത പ്രതികരണവുമായി മുമ്പ് അദ്ദേഹത്തിനെതിരെ നിയമപോരാട്ടം നടത്തിയ ബംഗാളി നടി രംഗത്തെത്തി.

രഞ്ജിത്ത് പ്രശസ്തനായ ഒരു സംവിധായകനായിരിക്കാം, പക്ഷേ ഒരിക്കലും ഒരു നല്ല മനുഷ്യനല്ലെന്ന് അവർ തുറന്നടിച്ചു. താൻ നേരിട്ട അതിക്രമത്തിനെതിരെ പ്രതികരിക്കാൻ 15 വർഷം വേണ്ടിവന്നുവെന്നും, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തന്റെ പരാതി തള്ളിയെങ്കിലും ഇപ്പോൾ സത്യം പുറത്തുവന്നതിൽ ആശ്വാസമുണ്ടെന്നും അവർ വ്യക്തമാക്കി.

നീതി നടപ്പാക്കാൻ ധൈര്യപൂർവ്വം മുന്നോട്ടുവന്ന യുവനടിക്ക് നന്ദി അറിയിച്ച താരം, 'കർമ ആരെയും വെറുതേ വിടില്ല' എന്നും കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 2024 ഓഗസ്റ്റിലായിരുന്നു ബംഗാളി നടി രഞ്ജിത്തിനെതിരെ ആദ്യമായി പരാതി നൽകിയത്.

2009-ൽ 'പാലേരി മാണിക്യം' എന്ന സിനിമയുടെ ഓഡിഷനായി കൊച്ചിയിലെ ഫ്ളാറ്റിലെത്തിയപ്പോൾ തനിക്ക് നേരെ അതിക്രമമുണ്ടായെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. എന്നാൽ, സംഭവം നടന്ന് 15 വർഷത്തിന് ശേഷമാണ് പരാതി നൽകിയതെന്ന കാരണം ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ കേസ് റദ്ദാക്കിയിരുന്നു.

നിയമപരമായ തിരിച്ചടികൾ നേരിട്ടെങ്കിലും, രഞ്ജിത്തിനെതിരെയുള്ള പുതിയ വെളിപ്പെടുത്തലുകളും അറസ്റ്റും തന്റെ പോരാട്ടത്തിന് ലഭിച്ച അംഗീകാരമായാണ് നടി കാണുന്നത്. സ്ത്രീകൾ അർഹിക്കുന്ന ആദരവ് നൽകണമെന്നും ഇത്തരം വേട്ടക്കാരെ അഴിക്കുള്ളിലാക്കണമെന്നും നടി ആവശ്യപ്പെട്ടു.

താൻ പരാതി നൽകിയ കാലത്ത് സോഷ്യൽ മീഡിയ ഇത്രത്തോളം സജീവമല്ലാതിരുന്നത് തിരിച്ചടിയായെന്നും അവർ ഓർമ്മിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ സ്ത്രീകൾ പരാതിയുമായി മുന്നോട്ടുവരുന്നത് സിനിമാ മേഖലയിലെ ശുദ്ധീകരണത്തിന് സഹായിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ.

രഞ്ജിത്തിന്റെ അറസ്റ്റ് ഇരകൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ഒന്നാണെന്നും നടി പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/350931/bengali-actress-reacts-to-ranjiths-arrest)