---
title: "രഞ്ജിത്തിന്റെ അറസ്റ്റ്: അതിക്രമം സെറ്റിലുള്ളവർ അറിഞ്ഞിരുന്നുവെന്ന് പോലീസ്; നടി നേരിട്ടത് കടുത്ത മാനസികാഘാതം"
english_title: "Police say people on the set were aware of Ranjith's violence"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350918/police-say-people-on-the-set-were-aware-of-ranjiths-violence"
published_at: "2026-04-01T12:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccbc6ab3544_6.jpg"
keywords: []
---

# രഞ്ജിത്തിന്റെ അറസ്റ്റ്: അതിക്രമം സെറ്റിലുള്ളവർ അറിഞ്ഞിരുന്നുവെന്ന് പോലീസ്; നടി നേരിട്ടത് കടുത്ത മാനസികാഘാതം

> **Lead Summary:** **[ **യുവനടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത നടപടിയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ പങ്കുവെച്ച് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ.

## Article Content

**[ **യുവനടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത നടപടിയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ പങ്കുവെച്ച് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ.

ഷൂട്ടിങ് സെറ്റിൽ വെച്ചുണ്ടായ അതിക്രമത്തെക്കുറിച്ച് അവിടെയുണ്ടായിരുന്നവർക്ക് അറിവുണ്ടായിരുന്നുവെന്നും, സംഭവത്തിന് പിന്നാലെ നടി ഇക്കാര്യം അവരോട് വെളിപ്പെടുത്തിയിരുന്നുവെന്നും കമ്മിഷണർ വ്യക്തമാക്കി.

എന്നാൽ അന്ന് നടിയെ ആശ്വസിപ്പിച്ച് പറഞ്ഞയക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്ന രഞ്ജിത്ത്, അവിടെനിന്ന് മാറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

വർഷങ്ങൾക്കിപ്പുറവും നടി വലിയ മാനസികാഘാതത്തിലായിരുന്നുവെന്നും പരാതിയുമായി എത്തിയപ്പോൾ അവർക്ക് ആവശ്യമായ സൈക്യാട്രിക് ചികിത്സ നൽകേണ്ടി വന്നുവെന്നും പോലീസ് അറിയിച്ചു. തൊഴിലിടത്തിലെ അതിക്രമത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതോടെ വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയുമായിരുന്നു.

ഇരയുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിക്കെതിരെ അന്വേഷണം നടത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് കമ്മിഷണർ ചൂണ്ടിക്കാട്ടി. അതേസമയം, പരാതി നൽകാതിരിക്കാൻ നടിയെ ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്ന് പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന കൊച്ചി ഡിസിപി അശ്വതി ജിജി അറിയിച്ചു.

നടിയുടെ മൊഴിയിൽ സൂചിപ്പിച്ചിട്ടുള്ള സാക്ഷികളുടെ മൊഴി വരുംദിവസങ്ങളിൽ രേഖപ്പെടുത്തും. നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുതെന്ന് പോലീസ് മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം അതിക്രമങ്ങൾ തൊഴിലിടങ്ങളിൽ ആവർത്തിക്കപ്പെടരുതെന്ന കർശന നിലപാടിലാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/350918/police-say-people-on-the-set-were-aware-of-ranjiths-violence)