---
title: "പാട്ടിന് വിലക്ക്, കല്ലെറിഞ്ഞോളൂ; തലപ്പാവുവെച്ച് വില്ലുവണ്ടിയിൽ മടങ്ങിയെത്തും'; ക്ഷേത്ര ഉത്സവത്തിലെ വിലക്കിനെതിരെ വേടന്റെ സഹോദരൻ"
english_title: "Hunter's brother opposes ban on temple festival"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350807/hunters-brother-opposes-ban-on-temple-festival"
published_at: "2026-03-31T16:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cba6de85062_Hunters_brother_opposes_ban_on_temple_festival.jpg"
keywords: []
---

# പാട്ടിന് വിലക്ക്, കല്ലെറിഞ്ഞോളൂ; തലപ്പാവുവെച്ച് വില്ലുവണ്ടിയിൽ മടങ്ങിയെത്തും'; ക്ഷേത്ര ഉത്സവത്തിലെ വിലക്കിനെതിരെ വേടന്റെ സഹോദരൻ

> **Lead Summary:** > ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിയിൽ റാപ്പർ വേടന്റെ പാട്ടുകൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിലെ "വിയർപ്പ് തുന്നിയിട്ട കുപ്പായം" എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള അവാർഡ് വേടൻ സ്വന്തമാക്കിയിരുന്നു. ഈ ഗാനം ആലപിക്കുന്നതിനാണ് തടസ്സം നേരിട്ടത്.

## Article Content

> ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിയിൽ റാപ്പർ വേടന്റെ പാട്ടുകൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിലെ "വിയർപ്പ് തുന്നിയിട്ട കുപ്പായം" എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള അവാർഡ് വേടൻ സ്വന്തമാക്കിയിരുന്നു. ഈ ഗാനം ആലപിക്കുന്നതിനാണ് തടസ്സം നേരിട്ടത്.

> സംഭവത്തിൽ അതിരൂക്ഷമായ പ്രതികരണവുമായി വേടന്റെ സഹോദരൻ ഹരിദാസ് രംഗത്തെത്തി. രാഷ്ട്രീയ കാരണങ്ങളാലാണ് പാട്ടിന് വിലക്കേർപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. "കല്ലെറിഞ്ഞോളൂ, എറിഞ്ഞ കല്ലുകളെല്ലാം കൂട്ടിയിട്ട് വില്ലുവണ്ടിയിൽ തലപ്പാവും വെച്ച് വരിക തന്നെ ചെയ്യും" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

> “നമ്മൾ ആരെയും ദ്രോഹിക്കാനല്ല, മറിച്ച് കൃത്യമായ രാഷ്ട്രീയം പണ്ടുമുതലേ പറഞ്ഞു വരുന്നതാണ്. പ്രത്യേകിച്ച് സ്റ്റേറ്റ് അവാർഡ് കിട്ടിയ ഒരു പാട്ട് വിലക്കേണ്ട ആവശ്യമില്ല. ആരോ അടിച്ചേൽപ്പിച്ച സംസ്കാരത്തിനും അനുഷ്ഠാനങ്ങൾക്കും ഇപ്പോഴും അടിമപ്പെട്ടു കഴിയുന്ന ഒരു സമൂഹം നമുക്കിടയിലുണ്ട് എന്നതിന്റെ തെളിവാണ് ഈ സംഭവം,” ഹരിദാസ് പറഞ്ഞു. ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം പോലും ഒരുപാട് നേതാക്കളുടെ പോരാട്ടത്തിലൂടെ നേടിയതാണെന്നും അത് മറന്നുപോകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കാരക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവത്തിനിടെ റാപ്പർ വേടന്റെ പാട്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. കൊച്ചിൻ തരംഗ് അവതരിപ്പിച്ച ഗാനമേളയ്ക്കിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ പാട്ടുപാടാൻ തുടങ്ങിയ ഗായികയെ സംഘാടകർ വേദിയിൽ കയറി തടയുകയായിരുന്നു.

ഭക്തിഗാനങ്ങൾക്ക് ശേഷം സിനിമാ ഗാനങ്ങളിലേക്ക് കടന്ന ഗായകസംഘം ‘കുതന്ത്രം’ എന്ന പാട്ടിന്റെ ട്രാക്ക് ഇട്ട ഉടൻ തന്നെ സംഘാടകരിൽ ഒരാൾ വേദിയിലെത്തി പാട്ട് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. വേടന്റെ പാട്ടുകൾ തങ്ങളുടെ സംസ്കാരത്തിന് യോജിക്കാത്തതാണെന്നും ഇത്തരം പാട്ടുകൾ ഗാനമേളയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് പൊതുയോഗം തീരുമാനിച്ചിട്ടുണ്ടെന്നുമാണ് സംഘാടകരുടെ വാദം.

### Related Links & Sources
- [Original Story Source](https://moviemax.in/news/350807/hunters-brother-opposes-ban-on-temple-festival)