---
title: "'തമ്മിലടിക്കുന്നവർ വന്നാൽ ബുദ്ധിമുട്ടാകും, എൽ.ഡി.എഫ് തന്നെ വരണം'; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി സോഹൻ സീനുലാൽ"
english_title: "Sohan Seenulal clarifies his political stance"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349966/sohan-seenulal-clarifies-his-political-stance"
published_at: "2026-03-27T09:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c60722b5699_Sohan_Seenulal_clarifies_his_political_stance.jpg"
keywords: []
---

# 'തമ്മിലടിക്കുന്നവർ വന്നാൽ ബുദ്ധിമുട്ടാകും, എൽ.ഡി.എഫ് തന്നെ വരണം'; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി സോഹൻ സീനുലാൽ

> **Lead Summary:** കേരളത്തിൽ എൽ.ഡി.എഫിന്റെ തുടർഭരണത്തിനായി ജനങ്ങൾ കാത്തിരിക്കുകയാണെന്ന് സംവിധായകനും നടനുമായ സോഹൻ സീനുലാൽ. ജനങ്ങൾക്ക് വേണ്ടി കരുതൽ നൽകുന്ന ഒരു സർക്കാർ അധികാരത്തിൽ തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. തമ്മിലടിക്കുന്ന വിഭാഗങ്ങൾ അധികാരത്തിൽ വരുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

കേരളത്തിൽ എൽ.ഡി.എഫിന്റെ തുടർഭരണത്തിനായി ജനങ്ങൾ കാത്തിരിക്കുകയാണെന്ന് സംവിധായകനും നടനുമായ സോഹൻ സീനുലാൽ. ജനങ്ങൾക്ക് വേണ്ടി കരുതൽ നൽകുന്ന ഒരു സർക്കാർ അധികാരത്തിൽ തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. തമ്മിലടിക്കുന്ന വിഭാഗങ്ങൾ അധികാരത്തിൽ വരുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റേത് മതനിരപേക്ഷമായ മനസാണെന്നും അതിനാൽ തന്നെ ബി.ജെ.പിയെ കേരളം അംഗീകരിക്കില്ലെന്നും സോഹൻ സീനുലാൽ വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടെയായിരുന്നു രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയുള്ള അദ്ദേഹത്തിന്റെ ഈ പ്രതികരണം.

> "കേരളം മുഴുവൻ ഒരു ഭരണ തുടർച്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഒരുപാട് കാര്യങ്ങൾ എൽഡിഎഫ് ​സർക്കാർ തുടങ്ങി വച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ നടപ്പിലാക്കി. അതിനൊരു തുടർച്ച വേണമെന്ന് ജനങ്ങൾ ആ​ഗ്രഹിക്കുന്നത് സ്വാഭാ​വികമല്ലേ. പിണറായി സർക്കാർ തന്നെ തുടരട്ടെ. എന്തെങ്കിലുമൊക്കെ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന സർക്കാർ വരണമെന്നല്ലേ നമ്മളൊക്കെ ആ​ഗ്രഹിക്കുക. അല്ലാതെ തമ്മിലടിക്കുന്ന ഒരുകൂട്ടം അധികാരത്തിലേക്ക് വന്നാലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നമുക്ക് അറിയാമല്ലോ", എന്നായിരുന്നു സോഹൻ സീനുലാലിന്റെ വാക്കുകൾ. ഓൺലൈൻ മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യുഡിഎഫ് ഭരണത്തിൽ വരികയാണെങ്കിൽ ആരായിരിക്കും മുഖ്യമന്ത്രി എന്ന ചോദ്യത്തിന്, 'അത് യുഡിഎഫിന് തന്നെ അറിയില്ലല്ലോ. അവർക്കേ അറിയില്ല. പിന്നെ ഞാൻ എങ്ങനെ പറയാനാണ്', എന്നാണ് സോഹൻ മറുപടി നൽകിയത്. കേരളത്തിൽ ബിജെപി ഭരണത്തിൽ വരാൻ സാധ്യതയുണ്ടോന്ന് ചോദിച്ചപ്പോൾ, 'മതനിരപേക്ഷ മനസാണ് കേരളത്തിന്റേത്. അതുകൊണ്ടു തന്നെ ഒരു ഫാസിസ്റ്റ്, വർ​ഗീയത, ഹിന്ദുത്വം എന്നൊക്കെ പറഞ്ഞ് വരുന്നത് ഏത് മതത്തിൽപ്പെട്ടവരായാലും അം​ഗീകരിക്കില്ല. കേരളത്തിൽ പൊതുമനസാണ്', എന്നും സോഹൻ സീനുലാൽ മറുപടി നൽകി.

അതേസമയം, 890 പേരാണ് സംസ്ഥാനത്ത് മത്സര രംഗത്തുള്ളത്. കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്. 13 പേരാണ് ഇവിടെ മത്സരിക്കുന്നത്. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം മണ്ഡലങ്ങളിൽ 11 സ്ഥാനാര്‍ത്ഥികള്‍ വീതമാണുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/349966/sohan-seenulal-clarifies-his-political-stance)