തിരുവനന്തപുരം: (truevisionnews.com) നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപം ശക്തമാകുന്നു. എഐസിസി വക്താവ് ഷമ മുഹമ്മദിന് പിന്നാലെ മുതിർന്ന നേതാവ് ശശി തരൂരും പരസ്യമായി രംഗത്തെത്തിയതോടെ വിഷയം പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നു.
വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നവർ എല്ലാ വശങ്ങളും കൃത്യമായി പരിശോധിക്കണമെന്നും ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകൾക്ക് വെറും 9.8 ശതമാനം മാത്രം സീറ്റുകൾ നൽകിയത് പോരായ്മയാണെന്നും തരൂർ ചൂണ്ടിക്കാട്ടി.
സ്ഥാനാർത്ഥി നിർണ്ണയ സമിതിയിൽ താനില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വരാനിരിക്കുന്ന വനിതാ സംവരണം കഠിനാധ്വാനികളായ വനിതാ നേതാക്കൾക്ക് അർഹമായ അവസരങ്ങൾ നൽകുമെന്ന് പ്രത്യാശിക്കുകയും ചെയ്തു.
കോൺഗ്രസിനുള്ളിലെ ഈ ആഭ്യന്തര കലഹം രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ തന്നെ കോൺഗ്രസ് പാളയത്തിൽ വിള്ളലുകൾ വീണുവെന്ന് ബിജെപി പരിഹസിച്ചു.
കോൺഗ്രസിന്റെ വനിതാ പ്രേമം ഗാന്ധി കുടുംബത്തിലും അടുത്ത അനുയായികളിലും മാത്രമായി ഒതുങ്ങുകയാണെന്നും ദീർഘകാലം രാജ്യത്തെ സ്ത്രീകൾക്ക് നീതി നിഷേധിച്ചത് ഇത്തരം വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും ബിജെപി ആരോപിച്ചു.
മറ്റ് മുന്നണികളുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസ് പട്ടികയിൽ ഒമ്പത് വനിതകൾ മാത്രമാണുള്ളത്. എൽഡിഎഫ് പത്ത് പേർക്കും ബിജെപി പതിമൂന്ന് പേർക്കും സീറ്റ് നൽകിയ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ നിലപാട് തിരിച്ചടിയാകുമെന്ന ആശങ്ക ഒരു വിഭാഗം നേതാക്കൾക്കുണ്ട്.
അടുത്ത വർഷം മുതൽ വനിതാ സംവരണം നടപ്പിലാക്കാനുള്ള ബില്ല് പാർലമെന്റ് പരിഗണിക്കാനിരിക്കെ, വനിതാ പ്രാതിനിധ്യം സംബന്ധിച്ച തർക്കം തിരഞ്ഞെടുപ്പ് ഗോദയിൽ കോൺഗ്രസിന് വലിയ വെല്ലുവിളിയായി മാറുകയാണ്.
Shashi Tharoor comes out against the candidate list

































