തൃശൂർ: (https://truevisionnews.com/) മണലൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ ടി എൻ പ്രതാപനെതിരെ പോസ്റ്ററുകൾ ഒട്ടിച്ചവർ പിടിയിൽ. തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ ഒട്ടിച്ചവരെയാണ് കണ്ടെത്തിയത്. പ്രതാപന്റെയും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെയും പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പോസ്റ്റർ ഒട്ടിച്ചവരെ പിടികൂടിയത്.
മാർച്ച് 10 നാണ് പ്രതാപനെതിരെ തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പ്രസ് ക്ലബിന് മുൻപിലും മുരളീമന്ദിരത്തിന് മുൻപിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്ററുകൾ ഒട്ടിച്ചവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
ഒറ്റപ്പാലത്തെ ഒരു പരസ്യ കമ്പനി ജീവനക്കാരായ വി.ബി. ജിബിൻ, യദു കൃഷ്ണ, ശാന്തിമൂർത്തി എന്നിവരാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിയാണ് ശാന്തിമൂർത്തി. വി.ബി. ജിബിൻ, യദുകൃഷ്ണ എന്നിവർ തൃശൂർ സ്വദേശികളാണ്. ആർക്ക് വേണ്ടിയാണ് പരസ്യ കമ്പനിക്കാർ പോസ്റ്റർ ഒട്ടിച്ചത് എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.
പ്രതാപനെതിരെ രാഷ്ട്രീയ പരാമർശങ്ങൾ അടങ്ങുന്നതായിരുന്നു പോസ്റ്ററുകൾ. ലീഡറുടെ കുടുംബത്തെ ചതിച്ച യൂദാസ് പ്രതാപന് മാപ്പില്ല, പത്മജയെ തോൽപ്പിച്ചു അവസാനം പാർട്ടിയിൽ നിന്ന് പുറത്തെത്തിച്ചു, മുരളിയെ കൂടെ നിന്ന് കുഴികുത്തി മൂടി, ലീഡറുടെ തൃശൂരിലെ കോൺഗ്രസിന്റെ കാലനാണ് പ്രതാപൻ, ലീഡറുടെ കുടുംബത്തോട് ടി എൻ പ്രതാപന് എന്തിനാണ് പക എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്.
Those who pasted posters against Prathapan in Thrissur city arrested

































