തിരുവനന്തപുരം:( www.truevisionnews.com ) നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നാളെ യോഗം ചേരും. രാവിലെ 11.30-ന് ചേരുന്ന നിർണ്ണായക യോഗത്തിന് ശേഷം കൂടുതൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. കടുത്ത ചർച്ചകൾക്കൊടുവിൽ 55 പേരുടെ ആദ്യപട്ടിക കോൺഗ്രസ് നേരത്തെ പുറത്തുവിട്ടിരുന്നു.
ഒമ്പത് വനിതകളും 19 സിറ്റിംഗ് എംഎൽഎമാരും ഉൾപ്പെട്ടതാണ് ആദ്യപട്ടിക. എന്നാൽ, കെ. സുധാകരൻ അവകാശവാദമുന്നയിച്ച കണ്ണൂർ, അടൂർ പ്രകാശ് താല്പര്യം പ്രകടിപ്പിച്ച കോന്നി തുടങ്ങിയ തർക്കമണ്ഡലങ്ങളിൽ ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
തൃപ്പൂണിത്തുറ, പെരുമ്പാവൂർ മണ്ഡലങ്ങളും ആദ്യ പട്ടികയിൽ ഇടംപിടിച്ചില്ല. എം.കെ. രാഘവൻ മത്സരിക്കുമെന്ന് കരുതിയ എലത്തൂരിൽ വിദ്യാ ബാലകൃഷ്ണനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. വൈക്കത്ത് സണ്ണി എം. കപിക്കാടിന് പകരം കെ. ബിനിമോൻ ജനവിധി തേടും.
ഇടതുമുന്നണി വിട്ടെത്തിയ ഐഷ പോറ്റി കൊട്ടാരക്കരയിലും, വി.എസ്. അച്യുതാനന്ദന്റെ മുൻ പി.എ എ. സുരേഷ് മലമ്പുഴയിലും കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കും. പാലക്കാട് രമേഷ് പിഷാരടിയും നാട്ടികയിൽ സുനിൽ ലാലൂരും സ്ഥാനാർത്ഥികളാകും. പ്രതിഷേധങ്ങൾക്കിടയിലും ചിറയിൻകീഴിൽ രമ്യ ഹരിദാസിനെ തന്നെ പാർട്ടി നിലനിർത്തി.
രമ്യയെ കൂടാതെ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരുൾപ്പെടെ ഒമ്പത് വനിതകളാണ് ആദ്യപട്ടികയിലുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചില മണ്ഡലങ്ങളിലും പത്തനംതിട്ട, ഇടുക്കി, കാസർകോട് ജില്ലകളിലും രണ്ടാംഘട്ടത്തിലാകും സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുക.
Congress Central Election Committee meeting tomorrow; Second list soon

































